കാറിന്റെ ഡാഷ്ബോർഡിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒളവണ്ണ സ്വദേശിയായ കെ.സി.
നവാസിനെയാണ് (34) പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി.സി.
ചാക്കോയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ഡാൻസാഫും പന്നിയങ്കര പൊലീസ് സ്റ്റേഷൻ എസ്ഐ എം.കെ. ഭവിതയുടെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്.
വാഹനത്തിന്റെ ഡാഷ്ബോർഡിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 168 ഗ്രാം എംഡിഎംഎയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറിനുപുറമേ, ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബുകളും അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ ത്രാസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 7 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിട്ടുള്ളത്. മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി, ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഖത്തറിൽ നാലു ദിവസത്തെ ജയിൽവാസം അനുഭവിച്ചിരുന്നു.
തുടർന്ന് ‘ഡി പാസ്പോർട്ട്’ (Deportation Passport) വാങ്ങി നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. നിയമസൂത്രകരുടെ കണ്ണുവെട്ടിക്കാനായി സ്വന്തം ജില്ലയിൽ നേരിട്ട് വിപണനം നടത്താതെ മറ്റു ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇതര സംസ്ഥാനങ്ങളിൽ നേരിട്ടു പോയി ലഹരി ശേഖരിക്കുന്നത് പൊലീസിന്റെ നിരീക്ഷണത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ, വിദേശത്തുള്ള തന്റെ സൗഹൃദ വലയം ഉപയോഗപ്പെടുത്തി ബെംഗളൂരുവിൽനിന്ന് കേരള-കർണാടക അതിർത്തി പ്രദേശമായ മടിക്കേരിയിൽ ലഹരി എത്തിക്കുകയും, അവിടെനിന്ന് കോഴിക്കോട്ടേക്ക് കടത്തി തുടർന്ന് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരെക്കുറിച്ചും ഇത് വാങ്ങുന്നവരെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പന്നിയങ്കര ഇൻസ്പെക്ടർ സജു എബ്രഹാം വ്യക്തമാക്കി.
‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ നഗരത്തിൽ കർശന പരിശോധനകളാണ് പുരോഗമിക്കുന്നത്.
പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐമാരായ പ്രഹ്ലാദൻ, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിനിൽജിത്ത്, സിവിൽ പൊലീസ് ഓഫിസർ ദിനിൽ, കോഴിക്കോട് സിറ്റി ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനോജ്, സരുൺ, ശ്രീശാന്ത്, അതുൽ, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

