പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2400 പേർക്കു വീതമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമുള്ളത്.
ഇതിനുപുറമെ, ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4നും 5നും ഉള്ള രണ്ടു സ്ലോട്ടുകളിൽ കൂടി വെർച്വൽ ക്യൂ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗുരുവായൂരിൽ പുതിയൊരു വെറ്ററിനറി കോളജ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി ദേവസ്വം മുന്നോട്ടുപോവുകയാണ്.
ഇതിനായി ആവശ്യമായ സ്ഥലവും കെട്ടിടവും നൽകാൻ തയാറാണെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി. പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ 35 ആനകളും 1600 പശുക്കളുമാണ് ഉള്ളത്. ഇതിൽ 1400 പശുക്കളെയും മലപ്പുറം ജില്ലയിലെ 100 ഏക്കറോളം വരുന്ന വേങ്ങാട് എസ്റ്റേറ്റിലാണ് സംരക്ഷിക്കുന്നത്.
കൂടാതെ കാവീട് ഗോകുലത്തിൽ 119 പശുക്കളും കിഴക്കേനടയിലെ ഗോശാലയിൽ 32 പശുക്കളും പരിപാലിക്കപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടിനു മുൻപ് 66 ആനകൾ ഉണ്ടായിരുന്ന ദേവസ്വത്തിൽ നിലവിൽ അത് 35 ആയി കുറഞ്ഞിട്ടുണ്ട്.
എങ്കിലും ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങുന്നതോടെ ആനകളുടെ എണ്ണം വേഗത്തിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനകം തന്നെ ഇരുപതിലേറെ പേർ ആനകളെ നടയിരുത്താനുള്ള താൽപ്പര്യം ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നടന്നു വരുന്നുണ്ട്.
ഗുരുവായൂരിൽ വെറ്ററിനറി കോളജ് യാഥാർത്ഥ്യമായാൽ അത് തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ജനങ്ങൾക്ക് വലിയ തോതിൽ പ്രയോജനപ്പെടും. കേരളത്തിൽ ഇത്രയധികം മൃഗസമ്പത്തുള്ള മറ്റൊരു സ്ഥാപനം ഇല്ലാത്തതിനാൽ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിന് അനുകൂലമായ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

