അമേരിക്കൻ വിപണിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയായി.
അതുപോലെതന്നെ പവൻവില 240 രൂപ കുറഞ്ഞ് 1,09,440 രൂപയിലെത്തി. ഇന്നലെ രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഔൺസിന് 4177 ഡോളർ ആയിരുന്നു.
എന്നാൽ ഇന്നത് 4166 ഡോളറിലേക്ക് താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ എന്നിവ വഴി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് കയറ്റുമതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്രൂഡോയിൽ വില (ബ്രെന്റ്) 97 ഡോളറിലേക്ക് കുറഞ്ഞിരുന്നു.
ഇത് പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്ന വിലയിരുത്തൽ സ്വർണവിലയെ നേട്ടത്തിലേക്ക് കഴിഞ്ഞദിവസം നയിച്ചിരുന്നു. ചൈനയിൽ നിന്ന് വലിയ ഡിമാൻഡ് ഉള്ളതും സ്വർണത്തിന് അനുകൂലമായിരുന്നു.
യുഎസിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്ന വിലയിരുത്തലും സ്വർണത്തെ പോസിറ്റീവാക്കിയിരുന്നു. എന്നാൽ, പണപ്പെരുപ്പം ഇപ്പോഴും ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിക്ക് മുകളിലാണെന്നും പലിശ കൂട്ടാനുള്ള സാധ്യത നിലനിൽക്കുന്നെന്നും വിലയിരുത്തപ്പെട്ടതോടെ സ്വർണവില വീണ്ടും താഴേക്കു നീങ്ങുകയായിരുന്നു.
യുഎസിന്റെ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് ഈയാഴ്ച പുറത്തുവരുമെന്നതും സ്വർണവിപണിക്ക് നിർണായകമാണ്. തൊഴിലവസരങ്ങൾ ഉയർന്നുവെന്നാണ് റിപ്പോർട്ടെങ്കിൽ അത് യുഎസ് സമ്പദ്വ്യവസ്ഥ കരുത്തു വീണ്ടെടുത്തുവെന്നതിന്റെ തെളിവായി ഫെഡറൽ റിസർവ് കാണും.
പലിശനിരക്ക് കൂട്ടിയാലും സഹിക്കാനുള്ള കരുത്ത് സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നും ഫെഡറൽ റിസർവ് വിലയിരുത്തും. ഈ സാഹചര്യം പണപ്പെരുപ്പത്തോടുള്ള യുദ്ധം തുടരാനും പലിശനിരക്ക് വീണ്ടും കൂട്ടാനും ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടിയാൽ യുഎസ് ഡോളറും യുഎസ് ബോണ്ട് യീൽഡും കൂടുതൽ ശക്തിപ്രാപിക്കും. ഇത് നിക്ഷേപം, ആഭരണം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിന് മങ്ങലേൽപ്പിക്കും, വിലയും താഴും.
ഔൺസിന് 3999 ഡോളറിനും 4325 ഡോളറിനും ഇടയിൽ രാജ്യാന്തര വില ചാഞ്ചാടുമെന്നാണ് നിരീക്ഷകർ പറയുന്നത്. കേരളത്തിൽ പവൻവില 1.06 ലക്ഷം രൂപയ്ക്കും 1.12 ലക്ഷം രൂപയ്ക്കും ഇടയിൽ തുടരും.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,240 രൂപയായി. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയായും കുറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

