ഉടുതുണി മാത്രം ബാക്കിയായ അവസ്ഥയിൽ വിധിയുടെ ക്രൂരമായ പരീക്ഷണത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് പത്തനംതിട്ട സ്വദേശിനിയായ പി.എസ്.
ലാലി. ജീവിതാവസാനം വരെ തലചായ്ക്കാൻ കരുതിയിരുന്ന ചെറിയ വീടാണ് ആകസ്മികമായുണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചത്.
പ്രക്കാനം നിരവേൽപടി പൂവണ്ണുംനിൽക്കുന്നതിൽ പി.എസ്. ലാലിയുടെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽ പെട്ടത്.
പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ആദ്യം അപകട
വിവരം അറിയുന്നത്. ഉടൻതന്നെ ആളുകൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും വീടിന്റെ പ്രധാന കതകുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കത്തിക്കഴിഞ്ഞിരുന്നു.
നാട്ടുകാർ ഉടൻതന്നെ വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത വഴി ആയതിനാൽ, പ്രദേശവാസികൾ കൂട്ടായ്മയോടെ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
അടുക്കളയിൽ പാചകവാതക സിലിണ്ടർ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും കിടക്കകളും മറ്റ് പ്രധാന വീട്ടുപകരണങ്ങളും പൂർണ്ണമായും അഗ്നിക്കിരയായി.
അപകടം നടക്കുമ്പോൾ ലാലി ജോലിസ്ഥലത്തായിരുന്നു. ഭർത്താവിന്റെ മരണശേഷം കുടുംബവീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന ഏക മകളുടെ വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ജീവിതച്ചെലവുകൾക്കും വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് ഈ ദുരന്തം കുടുംബത്തിന് മേൽ വന്നു പതിച്ചിരിക്കുന്നത്. വീട്ടിൽ സഹോദരനൊപ്പം താമസിച്ചിരുന്ന ലാലിക്ക് ഇനി എങ്ങനെ ഈ വീട് പുനർനിർമ്മിക്കുമെന്നത് സംബന്ധിച്ച് യാതൊരുവിധ ധാരണയുമില്ലാത്ത അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

