ലോകമെമ്പാടുമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയുടെ സേവനങ്ങളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട്. അമേരിക്കയിൽ മാത്രം 15000 ഉപയോക്താക്കളും ആഗോളതലത്തിൽ 19000 ഉപയോക്താക്കളും തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രമുഖ വെബ്സൈറ്റ് നിരീക്ഷണ പ്ലാറ്റ്ഫോമായ ഡൗണ്ഡിറ്റക്ടറും ഈ തടസ്സം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ പല ഉപയോക്താക്കളുടെയും സ്ക്രീനിൽ ‘സംതിങ് വെന്റ് റോങ്’ എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിലെ ന്യൂയോർക്കിൽ രാവിലെ 10 മണി മുതലും, യുകെയിൽ വൈകീട്ട് മൂന്ന് മണിക്കുമാണ് പ്രധാനമായും സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിനുപുറമേ, ചില ഉപയോക്താക്കളുടെ അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആകുകയും പിന്നീട് തിരിച്ച് ലോഗിൻ ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ലഭിച്ച പരാതികളിൽ 21 ശതമാനവും ഓഡിയോ സ്ട്രീമിങ് തടസ്സപ്പെട്ടതിനെക്കുറിച്ചാണ്.
കൂടാതെ, 13 ശതമാനം പേർ സെർവർ കണക്ഷൻ നഷ്ടപ്പെട്ടതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉപയോക്താക്കൾ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും വ്യക്തമാക്കി സ്പോട്ടിഫൈ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ ഈ സാങ്കേതിക തടസ്സത്തെത്തുടർന്ന് കാര്യമായ പരാതികൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

