കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എ ഐ എഫ് എഫ്) കനത്ത തിരിച്ചടി. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ മോഹന്ബഗാന്, ഈസ്റ്റ്ബംഗാള്‍, മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്, ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് (ഐ എഫ് എ) എന്നിവയിലൂടെ പ്രത്യേക നിരക്കില്‍ വിതരണം ചെയ്യുമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേയുടെ പ്രഖ്യാപനം.
എന്നാല്‍ ഈ നീക്കം പൂർണ്ണ പരാജയമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഐ എഫ് എക്ക് ആകെ 2000 ടിക്കറ്റുകളായിരുന്നു അനുവദിച്ചിരുന്നത്.
എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം, സംഘടനയുടെ കീഴിലുള്ള അഫിലിയേറ്റഡ് യൂനിറ്റുകളില്‍ നിന്ന് ഐ എഫ് എക്ക് ലഭിച്ച ടിക്കറ്റ് അപേക്ഷകള്‍ വെറും 24 എണ്ണം മാത്രമാണ്. നിലവില്‍ 315 അഫിലിയേറ്റഡ് യൂനിറ്റുകളാണ് ഐ എഫ് എക്ക് കീഴിലുള്ളത്.
മറ്റു പ്രമുഖ ക്ലബ്ബുകളുടെ അവസ്ഥയും ഇതിൽ നിന്നും വ്യത്യസ്തമല്ല. മോഹന്ബഗാന് അനുവദിച്ച 6000 ടിക്കറ്റുകളില്‍ 90 എണ്ണം മാത്രമാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്.
ഈസ്റ്റ്ബംഗാളിന് ലഭിച്ച 4000 ടിക്കറ്റുകളില്‍ 400 എണ്ണം മാത്രമാണ് ആളുകൾ വാങ്ങിയത്. മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് വഴിയുള്ള ടിക്കറ്റ് വില്‍പ്പന വളരെ ശോകാവസ്ഥയിലാണ്.
ആകെ അനുവദിച്ച 3000 ടിക്കറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിങ്കള്‍ വൈകുന്നേരം വരെ വിറ്റുപോയത്. ആറായിരം രൂപയുടെ ടിക്കറ്റിന് പത്ത് ശതമാനം കിഴിവ് നല്കിയാല് 5400 രൂപയ്ക്ക് വാങ്ങാം.
എന്നാല്‍ മത്സരത്തിന്റെ ഔദ്യോഗിക കരാര്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ ആപ്പില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായതാണ് എ ഐ എഫ് എഫിന്റെ ടിക്കറ്റ് വില്പന മന്ദഗതിയിലാകാന്‍ കാരണം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ 3500 രൂപയ്ക്കാണ് നിലവിൽ ടിക്കറ്റ് വില്പന നടക്കുന്നത്.
“യുക്തിയുള്ളവര്‍ കുറഞ്ഞ വിലക്ക് ടിക്കറ്റ് വാങ്ങാനല്ലേ ശ്രമിക്കുക” എന്ന് ഒരു ക്ലബ് ഭാരവാഹി ഇതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. ബ്രസീല്‍, ഉറുഗ്വെ മത്സരങ്ങളുടെ പ്രധാന സ്പോണ്‍സര്‍മാരായ സ്റ്റൈല്ബസാര് ഒരു പ്രമോകോഡ് ഉപയോഗിച്ച് ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം എന്ന ഓഫര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പരസ്യം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത് അവരുടെ ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. ടിക്കറ്റുകള്‍ കാര്യമായി വിറ്റുപോകാത്തതിന്റെ വ്യക്തമായ തെളിവാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന ഇത്തരം പരസ്യങ്ങളെന്ന് ഒരു ക്ലബ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
എങ്കിലും ബ്രസീല്‍-ഇന്ത്യ മത്സരം കാണാന്‍ ആളുകള്‍ തീരെ ഉണ്ടാകില്ലെന്ന് ഇതിനര്‍ഥമില്ല. പക്ഷെ, യഥാർത്ഥത്തിൽ ടിക്കറ്റെടുത്തവര്‍ എത്രയെന്നോ സൗജന്യമായി പ്രവേശിച്ചവരുടെ എണ്ണമത്രെയെന്നോ കൃത്യമായി മനസിലാക്കുക നിലവിൽ ബുദ്ധിമുട്ടാണ്.
ഈ മത്സരം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം നടക്കുന്ന ഉറുഗ്വെ-ഇന്ത്യ മത്സരത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ദുര്‍ഗപൂജയുടെ ആഘോഷ മാസമായതിനാല്‍, ഫുട്ബോള്‍ ആരാധകര്‍ തുടർച്ചയായി രണ്ട് മത്സരങ്ങള്‍ കാണാനായി വലിയ തുക ചെലവഴിക്കുമെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ഫുട്ബോള്‍ സംഘാടന രംഗം അടുത്തറി നിരീക്ഷിക്കുന്നവരുടെ അഭിപ്രായം.
മുമ്പ് ബെംഗളുരുവില്‍ നടന്ന ഇന്ത്യ-പാനമ മത്സരം കാണാനും വലിയ രീതിയിൽ ആൾക്കൂട്ടം എത്തിയിരുന്നില്ല. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യയും ലോകകപ്പ് കളിച്ച ഒരു ടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ കളി കാണാനെത്തിയത് വെറും 9039 പേര് മാത്രമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

