ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് അർത്ഥമില്ലാതാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. ജനാധിപത്യ ഇന്ത്യയുടെ അഭിമാനസ്തംഭമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയാണ് നിലവിൽ തകർക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി.
എസ്ഐആർ വഴി വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണ് അരങ്ങേറിയിട്ടുള്ളത്. സഹ കമ്മിഷണർമാർ തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന് ആ പദവിയിൽ തുടരാൻ യാതൊരുവിധ അർഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിക്ക് അനുകൂലമായ നടപടികൾക്ക് നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനകരമാണ്. ഗ്യാനേഷ് കുമാർ ആ സ്ഥാനത്ത് തുടരുന്ന ഓരോ നിമിഷവും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഒക്ടോബർ 4ന് മണ്ഡലം തലങ്ങളിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രതിഷേധ പരിപാടി.
മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ജ്വാലയ്ക്ക് അതാത് മണ്ഡലങ്ങളിലെ ഭാരവാഹികൾ നേതൃത്വം നൽകും. ഈ വിഷയത്തിൽ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് പാർട്ടി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

