കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലുള്ള പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ ഇതു വൈകിട്ട് ഏഴേകാലോടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീ പിടിച്ചത്.
തുടർന്ന് പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. മുകളിലെ നില ഏകദേശം പൂർണമായും കത്തിയ നിലയിലാണ് ഉള്ളത്.
കടലോര മേഖലയായതിനാൽ ശക്തമായ കാറ്റ് വീശിയടിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലേക്കും തീ പടരുന്ന ആശങ്കാജനകമായ സാഹചര്യമാണുണ്ടായത്. ഹോട്ടലിന്റെ മുന്നിലുണ്ടായിരുന്ന മരത്തിലേക്കും തീ വ്യാപിച്ചു.
സംഭവസ്ഥലത്ത് മട്ടാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല.
ഇതിനായി നാവികസേന, കോസ്റ്റ്ഗാർഡ് എന്നിവയുടെ അഗ്നിരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
തീപിടിത്തത്തിനു യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പ്രാഥമിക നിഗമനം ഷോർട്ട് സർക്യൂട്ടാണെന്നാണ്. രണ്ടു നൂറ്റാണ്ടുമുമ്പ് 1808ൽ നിർമിച്ച ഒരു പൈതൃക കെട്ടിടമാണിത്.
ഫോർട്ട് കൊച്ചിയിലെ ടവർ റോഡിൽ, വാസ്കോ ഡ ഗാമ സ്ക്വയറിനും ചൈനീസ് വലകൾക്കും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം നിലവിൽ ഒരു ഹോട്ടലായിട്ടാണ് പ്രവർത്തിക്കുന്നത്. കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ പ്രധാന ശേഷിപ്പുകളിൽ ഒന്നു കൂടിയാണിത്.
കൊച്ചിയിലെ പ്രമുഖ ജൂത കുടുംബമായിരുന്ന കോഡർ കുടുംബത്തിന്റെ വാസസ്ഥലമായിരുന്നു ഈ ചുവന്ന ഇഷ്ടിക മാളിക. കൊച്ചി ഇലക്ട്രിക് കമ്പനി നടത്തിപ്പുകാരനും പരദേശി സിനഗോഗിന്റെ വാർഡനുമായിരുന്ന എസ്.എസ്.കോഡർ ഉൾപ്പെടെയുള്ള പ്രമുഖർ വസിച്ചിരുന്ന ഈ മന്ദിരത്തിന് കൊച്ചിയിലെ ജൂത പാരമ്പര്യവുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ആദ്യമായി വൈദ്യുതി എത്തിച്ച ‘കൊച്ചിൻ ഇലക്ട്രിക് കമ്പനി’ക്ക് തുടക്കമിട്ടത് സാമുവൽ എസ്.കോഡർ ആയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ, ഗവർണർമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവർ കൊച്ചി സന്ദർശിച്ചവേളകളിൽ കോഡർ ഹൗസിലാണ് ആതിഥ്യം സ്വീകരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

