നീതിയുടെയും കരുണയുടെയും അപൂർവ്വ മാതൃക തീർത്ത് ഡൽഹിയിലെ വിചാരണക്കോടതി ജഡ്ജി. ഏഴാം വയസ്സിൽ പീഡനത്തിനിരയാവുകയും ഇപ്പോൾ പത്തുവയസ്സ് പ്രായം പൂർത്തിയാവുകയും ചെയ്ത അതിജീവിതയ്ക്കാണ് രോഹിണി അഡീഷനൽ സെഷൻഷ് കോടതി ജഡ്ജി രജന രംഗ ആശ്വാസമേകുന്ന കത്തെഴുതിയത്.
കേസിലെ പ്രതിയായ സുമിത് ഷാക്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് പ്രത്യേക സന്ദേശം കോടതി തയ്യാറാക്കിയത്. ‘കുഞ്ഞേ നിന്റെ വാക്കുകൾ ഈ കോടതി കേട്ടു’ എന്ന വാചകത്തോടെയാണ് ജഡ്ജിയുടെ സന്ദേശം ആരംഭിക്കുന്നത്.
‘നീ അങ്കിൾ എന്നു വിളിച്ചിരുന്ന അയാൾ വയസ്സാകും വരെ ജയിലിൽ കിടക്കണമെന്ന് നീ പറഞ്ഞിരുന്നല്ലോ. നിന്റെ ആ വാക്കുകൾക്ക് കോടതി മറുപടി നൽകിയിരിക്കുന്നു.
നീ ‘അങ്കിൽ’ എന്നു വിളിച്ചയാൾ ഇനി സ്വതന്ത്രമായി ഇറങ്ങി നടക്കാതിരിക്കാനുള്ള വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നു. ശിഷ്ടകാലം അയാളിനി ജയിലിലായിരിക്കും.
അയാൾ ആ തടവയ്ക്കുള്ളിൽ വയസ്സാകുകയും അവിടെ കിടന്ന് മരിക്കുകയും ചെയ്യും. നിന്നെയോ നിന്റെ കുഞ്ഞ് അനുജത്തിയേയോ, മറ്റേതെങ്കിലും കുട്ടിയേയോ ഇനി ഒരിക്കലും അയാൾ ഉപദ്രവിക്കില്ല.’ – കത്തിൽ വ്യക്തമാക്കുന്നു.
‘ഈ കോടതി കണ്ടതിൽവച്ച് ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. കോടതിയിൽ വന്ന് നിന്നെ ഉപദ്രിവച്ചയാളെ ചൂണ്ടിക്കാട്ടി സത്യം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു.
നീ ‘അങ്കിൾ’ എന്നു വിളിച്ചയാൾ വളരെ മോശമായ കാര്യമാണ് നിന്നോട് ചെയ്തത്. എന്നാൽ നീ മിണ്ടാതിരുന്നില്ല.
അത് അമ്മയോട് പറഞ്ഞു. പുറത്തു പറയാൻ നീ ധൈര്യം കാണിച്ചത് കൊണ്ടു തന്നെ ഇനി ഒരു കുട്ടിയേയും ഉപദ്രവിക്കാൻ അയാൾ മുതിരില്ല.’ ‘നഷ്ടപ്പെട്ട
നിന്റെ കുട്ടിക്കാലം തിരിച്ചു നൽകാൻ ഈ കോടതിക്കാകില്ല. എന്നാൽ നിന്റെ വാക്കുകൾ കേട്ടെന്ന് കോടതിക്ക് ഉറപ്പു നൽകാനാകും.
നിനക്ക് നീതി ലഭിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിച്ച അയാൾ ഇനി ഒരിക്കലും സ്വതന്ത്രമായി ഒരു സൂര്യോദയം കാണില്ല.
കുഞ്ഞേ, നീ ഇനി നിന്റെ ജീവിതം ജീവിക്കുക. സ്കൂളിൾ പോകൂ, സുഹൃത്തുക്കളെ ഉണ്ടാക്കൂ, ചിരിക്കൂ, കളിക്കൂ, സ്വപ്നം കാണൂ…നിന്റെ ധൈര്യം എന്നും ഈ കോടതി ഓർമിക്കും.’ എന്നും ജഡ്ജി കത്തിലൂടെ ഓർമ്മിപ്പിച്ചു.
2023 ജൂലൈ 23നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അന്ന് ഏഴു വയസ്സായിരുന്നു കുട്ടിക്ക് പ്രായം.
വർഷങ്ങൾക്ക് ശേഷം മേയ് 20നാണ് പ്രതിയെ പോക്സോ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ശിക്ഷ ശരിവയ്ക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്, ഈ കത്തും 10.50 ലക്ഷം രൂപ നഷ്ടപരിഹാര തുകയും രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് കൈമാറാൻ നോർത്ത്-വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് ഉത്തരവിടുകയായിരുന്നു.
പെൺകുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്ന സന്ദേശമാണിതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

