ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ സ്വകാര്യ സ്ഥാപനമായി നിലനിർത്തുന്നതിനായി മുഖ്യ ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്സ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട
നിർണായകമായ പുനഃസംഘടനാ നീക്കങ്ങളാണ് കമ്പനി ഇപ്പോൾ പരിഗണിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊലൂഷൻസ്, ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സ് എന്നീ കമ്പനികളെ ടാറ്റ സൺസിൽ ലയിപ്പിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ നീക്കം വിജയം കണ്ടാൽ, ടാറ്റയുടെ വ്യവസായങ്ങളുടെ ‘നിക്ഷേപ കമ്പനി’ എന്ന പദവിയിൽ നിന്ന് ടാറ്റ സൺസിനെ ‘ഓപ്പറേറ്റിങ് കമ്പനി’ എന്ന വിഭാഗത്തിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇതോടെ പൊതു ഓഹരി വിപണിയിൽ പ്രവേശിക്കാതെ തന്നെ കമ്പനിക്ക് സ്വകാര്യ മേഖലയിൽ തുടർന്നും പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചട്ടപ്രകാരം, 2022 മുതൽ അപ്പർ ലെയർ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി എന്ന പദവിയിലാണ് ടാറ്റ സൺസ് പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന കമ്പനികൾ മൂന്ന് വർഷത്തിനകം ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്തിരിക്കണമെന്നാണ് നിയമം.
എന്നാൽ ലിസ്റ്റിങ് പ്രക്രിയ പൂർത്തിയായാൽ, വ്യവസായ രംഗത്തെ എതിരാളികൾ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ള ആർക്കും കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാൻ അവസരമൊരുങ്ങും. ഇത് കമ്പനിയുടെ തനിമ നഷ്ടപ്പെടാനും അടിസ്ഥാന മൂല്യങ്ങൾ തകരുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റ പുതിയ പുനഃസംഘടനാ നിർദേശവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ടാറ്റാ സൺസിൽ 66 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റുകൾ അവതരിപ്പിച്ച ഈ സുപ്രധാന നിർദേശത്തിന് ഇനി ടാറ്റാ സൺസ് ഡയറക്ടർ ബോർഡിന്റെയും ആർബിഐയുടെയും ഔദ്യോഗിക അനുമതി ലഭിക്കേണ്ടതുണ്ട്. അതേസമയം, നിലവിലുള്ള തർക്കങ്ങൾ കോടതി നടപടികളിലേക്ക് നീങ്ങിയാൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ തിരിച്ചറിഞ്ഞ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും തമ്മിലുള്ള ഭിന്നതകൾ കോടതി കയറാതെ ഒത്തുതീർപ്പിലെത്തുമോ എന്ന ആകാംക്ഷയിലാണ് നിലവിൽ കോർപറേറ്റ് ലോകം ഉറ്റുനോക്കുന്നത്. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകുന്നതുമായി ബന്ധപ്പെട്ടും കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തെയും ടാറ്റ ട്രസ്റ്റ്സ് എതിർത്തതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് തർക്കങ്ങളിലൊന്നിന് കളം ഒരുങ്ങിയത്.
കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുനയിക്കുന്ന മാനേജ്മെന്റും അവരെ നിയന്ത്രിക്കുന്ന ഭൂരിപക്ഷ ഓഹരി ഉടമകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും, ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഗ്രൂപ്പിന് സുസ്ഥിരമായ ഭാവിയുള്ളൂ എന്ന തിരിച്ചറിവുമാണ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഐഫോൺ നിർമാണം, സെമികണ്ടക്ടർ തുടങ്ങി പുത്തൻ മേഖലകളിലെ വൻകിട
നിക്ഷേപങ്ങളുമായി മുന്നേറുന്ന ടാറ്റ ഗ്രൂപ്പ്, പരമ്പരാഗത പ്രതാപം തിരിച്ചുപിടിക്കാൻ പുതിയ മേഖലകളിലേക്കുള്ള കടന്നുവരവും നിലവിലുള്ള സംരംഭങ്ങളുടെ ആധുനികവൽക്കരണവും അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കുന്നുണ്ട്. ഇതിനായി ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യവും നേതൃത്വത്തിനുണ്ട്.
എന്നിരുന്നാലും, ഒരുപക്ഷേ തർക്കം കോടതിയുടെ പടിവാതിൽക്കൽ എത്തിയാൽ ടാറ്റ സൺസിന് വേണ്ടി ഹരീഷ് സാൽവേയും ടാറ്റ ട്രസ്റ്റ്സിന് വേണ്ടി അഭിഷേക് മനുസിങ്വിയുമാണ് നിയമപോരാട്ടത്തിന് കച്ചമുറുക്കുന്നത്. എന്നാൽ നിയമപോരാട്ടങ്ങൾക്കായി ട്രസ്റ്റും സൺസും കമ്പനിയുടെ പണം ധൂർത്തടിക്കരുതെന്ന ശക്തമായ നിലപാടുമായി ട്രസ്റ്റ് അംഗങ്ങൾ തന്നെ രംഗത്തെത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

