കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫലം പുറത്തുവന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡായ കുമ്പന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് വിജയം നേടി വാർഡ് തിരിച്ചുപിടിച്ചു.
66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ ത്രസിപ്പിക്കുന്ന വിജയം അദ്ദേഹം സ്വന്തമാക്കിയത്. പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ ബാബു മാത്യു ഡാണാവുങ്കലിന്റെ വിയോഗത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഡെയ്സി ബാബു ഡാണാവുങ്കൽ (യുഡിഎഫ്), സണ്ണി വർഗീസ് പൂതകുഴിയിൽ (എൽഡിഎഫ്), ടിന്റു മനോജ് (എൻഡിഎ) എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. ആകെ 21 അംഗങ്ങളുള്ള പാമ്പാടി പഞ്ചായത്തിൽ നിലവിലെ കക്ഷിനില യുഡിഎഫ് 15 എന്നും എൽഡിഎഫ് 6 എന്നുമാണ്.
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഈ ഉപതിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കില്ല. മറ്റൊരു ഫലത്തിൽ, മീനടം പഞ്ചായത്ത് ഒന്നാം വാർഡ് (ചീരംകുളം) യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടിന് വിജയിച്ചു.
പ്രീത പ്രസാദ് (യുഡിഎഫ്), ചന്ദ്രു നാരായണൻ (എൽഡിഎഫ്), എം. ഗൗരി ശങ്കർ (എൻഡിഎ) എന്നിവരാണ് ഈ വാർഡിൽ ജനവിധി തേടിയത്.
പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ പ്രസാദ് നാരായണന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെയും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 14 വാർഡുകളുള്ള മീനടം ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്– 12, എൽഡിഎഫ്–2 എന്നതാണ് നിലവിലെ കക്ഷിനില.
ഇരുവാർഡുകളിലും മുന്നണികൾ നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1312 വോട്ടർമാരുള്ള കുമ്പന്താനത്ത് 78.51 ശതമാനവും ചീരംകുളത്ത് 69.74 ശതമാനവുമായിരുന്നു പോളിങ്.
കഴിഞ്ഞ തവണ കുമ്പന്താനത്ത് 79 ശതമാനവും ചീരംകുളത്ത് 68.5 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. കുമ്പന്താനത്ത് രണ്ടും ചീരംകുളത്ത് ഒരു ബൂത്തിലുമായിരുന്നു വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്.
രാവിലെ മുതൽ വോട്ടർമാരുടെ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ ഭൂരിഭാഗം ബൂത്തുകളും ആളൊഴിഞ്ഞ നിലയിലായി. തുടർന്ന് വൈകിട്ട് നാലിന് ശേഷമാണ് വീണ്ടും പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടത്.
മൊത്തത്തിൽ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടപടികൾ പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

