കോഴിക്കോട് ജില്ലയിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി, എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി ബസുകൾ വാങ്ങാൻ അനുമതി നൽകിയ സർക്കാരിന്റെ സുപ്രധാന തീരുമാനത്തിന് ജില്ലയിലെ ജനപ്രതിനിധികളുടെ പൂർണ്ണ പിന്തുണ. മണ്ഡലങ്ങളിലെ ഗതാഗതപ്രതിസന്ധിക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി താൽപ്പര്യമുള്ള എംഎൽഎമാർ ഒക്ടോബർ 15ന് അകം ബന്ധപ്പെട്ട കലക്ടർമാർക്ക് പ്രപ്പോസൽ സമർപ്പിക്കണമെന്നും, 7 ദിവസത്തിനകം കലക്ടർമാർ ഭരണാനുമതി നൽകി നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പൊതുജനങ്ങളുടെ യാത്രാആവശ്യങ്ങൾ മുൻനിർത്തിയായിരിക്കും ബസ് വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് ബാലുശ്ശേരി എംഎൽഎ വി.ടി.സൂരജ് വ്യക്തമാക്കി. നാദാപുരം മണ്ഡലത്തിലേക്ക് ഒരു പുതിയ ബസ് വാങ്ങുന്നത് സജീവ പരിഗണനയിലുണ്ടെന്ന് കെ.എം.അഭിജിത്ത് എംഎൽഎ അറിയിച്ചു.
പ്രിയദർശിനി സർവീസ് ഉൾപ്പെടെയുള്ളവ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കെഎസ്ആർടിസി ബസ് വാങ്ങി നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടിയന്തര പ്രാധാന്യത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല വ്യക്തമാക്കി. എന്നാൽ, വടകര മണ്ഡലത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് കെഎസ്ആർടിസി ബസ് വാങ്ങുന്ന കാര്യം അടുത്ത സാമ്പത്തിക വർഷത്തിലേ പരിഗണിക്കാനാകൂ എന്ന് വടകര എംഎൽഎ കെ.കെ.രമ അറിയിച്ചു.
നിലവിൽ ഈ വർഷത്തെ ഫണ്ടുകൾ പൂർണ്ണമായും വകയിരുത്തിക്കഴിഞ്ഞു എന്നാണ് വിശദീകരണം. അതേസമയം, നഗര കേന്ദ്രീകൃത മണ്ഡലങ്ങളിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉള്ളതിനാൽ കൂടുതൽ ബസുകൾ വാങ്ങുന്നതു സംബന്ധിച്ച് ജനങ്ങളിൽ നിന്ന് വലിയ തോതിൽ ആവശ്യങ്ങൾ ഉയർന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

