തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി റെയ്ഞ്ച് പരിധിയിലുള്ള നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിക്ക് ഉള്ളിലെ സ്വകാര്യ എസ്റ്റേറ്റിൽ വീണ്ടും കാട്ടുമൃഗവേട്ട. നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിക്ക് കീഴിലുള്ള നെട്ടുകാൽത്തേരി തുറന്ന ജയിലിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന മുക്കാട്ടുമല എസ്റ്റേറ്റിലാണ് ഈ അപൂർവ്വ വന്യജീവി വേട്ട
നടന്നിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ പ്രാധാന്യമുള്ള ഒരു കാട്ടുപോത്തിനെയാണ് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറിയ ആയുധധാരികളായ സംഘം വെടിവെച്ചു വീഴ്ത്തിയത്.
കഴിഞ്ഞ ദിവസമാണ് ഈ നായാട്ട് നടന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കാട്ടുപോത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഇതിന്റെ മാംസം പൂർണ്ണമായി സംഘം കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃഗത്തിന്റെ തല, വാരിയെല്ല്, വാൽ എന്നിവ മാത്രം എസ്റ്റേറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് അധികൃതർ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
സംരക്ഷിത വനമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടിയതിന് പിന്നിൽ വലിയൊരു നായാട്ട് സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഒളിവിൽ കഴിയുന്ന പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനായി വനമേഖലയിൽ പരിശോധനയും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

