ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ തുടക്കമായി.
മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ സജ്ജീകരിച്ചിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് അഡ്വ.
ജോഷി ഫിലിപ്പ് പതാക ഉയർത്തി ഔദ്യോഗികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനോടനുബന്ധിച്ച് തൂഫാൻ ബാഡ്ജ് വിതരണവും സംഘടിപ്പിച്ചു.
സാക്ഷരതായജ്ഞത്തിന്റെ മാതൃകയിൽ ഈ പദ്ധതിയെ ഒരു ജനകീയ മുന്നേറ്റമായി മാറ്റുമെന്ന് അഡ്വ. ജോഷി ഫിലിപ്പ് വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ നവീൻ ജോർജ് ഡേവിഡ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തൂഫാൻ വാരിയർ ബാഡ്ജ് കൈമാറി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗ്രേസി കരിമ്പന്നൂർ, പി.കെ. വൈശാഖ്, എൻ.
അജിത് മുതിരമല, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ എന്നിവർ സംബന്ധിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, കുടുംബശ്രീ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, യുവജനകാര്യം എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ് തല ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയും, ലഹരിവിരുദ്ധ പ്രതിരോധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്പെഷൽ തൂഫാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കുകയും ചെയ്യും.
ലഹരി വിൽപന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിനായി ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ് ലൈനുകൾ, ക്യൂആർ കോഡുകൾ എന്നിവ ഉപയോഗപ്പെടുത്തും. കൂടാതെ, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ധരടങ്ങുന്ന തൂഫാൻ കെയർ കമ്മിറ്റികൾ രൂപീകരിക്കും.
ലഹരിമുക്തരായവർക്ക് തുടർ പിന്തുണ നൽകുന്നതിനായി ആഫ്റ്റർ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാലയങ്ങളിൽ തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകളും പ്രവർത്തനം ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

