തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ ക്ഷീരകർഷകന്റെ തൊഴുത്ത് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. ക്ഷീരകർഷകനായ സുരേന്ദ്രന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന തൊഴുത്താണ് പൂർണ്ണമായും കത്തിക്കരിഞ്ഞത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഒരു കുടുംബത്തിന്റെ ഏക ജീവനോപാദമാണ് നിമിഷനേരങ്ങൾക്കുള്ളിൽ കത്തിയമർന്നത്.
തീ ആളിപ്പടരുന്നത് ആദ്യം ശ്രദ്ധിച്ചത് പ്രദേശവാസികളായ അയൽക്കാരാണ്. ഉടൻതന്നെ വീട്ടുകാരെ വിളിച്ചുണർത്തി തീയണക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടയിൽ ഒരു പശു സംഭവസ്ഥലത്തുതന്നെ ചത്തൊടുങ്ങുകയും, മറ്റ് മൂന്ന് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ പ്രദേശത്തെ കഞ്ചാവ് വിൽപ്പനക്കാരാണെന്ന ഗുരുതര ആരോപണവുമായി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.
തീപിടുത്തം ഉണ്ടായ സമയത്ത് സമീപത്തെ സിസിടിവി ക്യാമറകൾ മറച്ചുവെച്ച നിലയിലായിരുന്നു. കൂടാതെ, തീ ആളിപ്പടരുന്നത് കണ്ടിട്ടും ബൈക്കുകൾ യാതൊരു കൂസലുമില്ലാതെ ആ വഴി കടന്നുപോയതും സംശയത്തിന് ഇടനൽകിയിട്ടുണ്ട്.
ലഹരി സംഘങ്ങൾ സജീവമായിട്ടുള്ള ഈ പ്രദേശത്ത് ഇതിനുമുൻപും സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയമായ തെളിവുകളും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

