സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയായ കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളിയെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ഹണിട്രാപ്പ് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർ, സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് നടത്തിയ തട്ടിപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മറ്റ് പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചും വിവിധ പേരുകളിൽ അക്കൗണ്ടുകൾ ആരംഭിച്ചും അശ്വതി തട്ടിപ്പിന്റെ വിവിധ മാർഗ്ഗങ്ങൾ നടപ്പിലാക്കിയിരുന്നു. ഈ കെണിയിൽ വീണ പലരും പണം നഷ്ടപ്പെട്ടിട്ടും നാണക്കേട് ഭയന്ന് വിവരം പുറത്തുപറയാൻ തയ്യാറായിരുന്നില്ല.
ഒടുവിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന 68കാരന്റെ പരാതിയിൽ 2023ൽ യുവതി പിടിയിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് ഇപ്പോൾ സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ ക്രൂരമായി ഉപദ്രവിച്ചെന്ന പുതിയ പരാതിയിൽ ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകളും ഹണിട്രാപ്പും മുഖേന ഉന്നതരെ വരെ അതിവിദഗ്ധമായി വലയിലാക്കാൻ അശ്വതിക്ക് കഴിഞ്ഞിരുന്നു.
തട്ടിപ്പിനിരയായ ചില പൊലീസ് ഉദ്യോഗസ്ഥർ പരാതിയുമായി മുന്നോട്ടുവന്നെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ തുടർനടപടികൾ ഉണ്ടായില്ല. ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല ചാറ്റുകൾ നടത്തി, പിന്നീട് അവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ പതിവ് രീതി.
കൊല്ലം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥന്റെ പരാതിയിൽ 2022ലാണ് അശ്വതിക്കെതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് സൗഹൃദം നടിച്ച് പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നായിരുന്നു അന്നത്തെ പരാതി.
ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പിന്നീട് അന്വേഷണം നിലയ്ക്കുകയാണുണ്ടായത്. ഭാര്യ മരിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ബുദ്ധിമുട്ട് നേരിട്ട
പൂവാർ സ്വദേശിയായ അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിനായി ഇടനിലക്കാർ വഴിയാണ് അശ്വതിയെ സമീപിക്കുന്നത്. വിവാഹത്തിന് തയ്യാറാണെന്നും എന്നാൽ തന്റെ കടം വീട്ടാനായി 40,000 രൂപ നൽകണമെന്നും അശ്വതി ആവശ്യപ്പെടുകയായിരുന്നു.
പണം കൈപ്പറ്റിയ ശേഷം ഫോൺ എടുക്കാതെയാവുകയും നേരിൽ കണ്ടപ്പോൾ അസഭ്യം പറയുകയും ചെയ്തതോടെയാണ് ഇദ്ദേഹം പൊലീസിനെ സമീപിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിൽ 2023 മേയിൽ മുട്ടടയിലെ വാടക ഫ്ലാറ്റിൽ നിന്നാണ് അശ്വതിയെ അറസ്റ്റ് ചെയ്തത്.
വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം അശ്വതി അമ്മ രാധാമണിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ചത്. അശ്വതിയുടെ മകൾ അമൃതയും രാധാമണിയെ ഉപദ്രവിച്ചതായി പരാതിയിലുണ്ട്.
സംഭവത്തിൽ അശ്വതിക്കും മകൾ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ചടയമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്. എട്ട് മാസം മുൻപ് പിതാവ് അശോകന്റെ മുഖത്തും അശ്വതി തിളച്ചവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നുവെന്നും ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

