കൊല്ലം ജില്ലയിലെ ആയൂരില്‍ അറുപത്തൊന്നു വയസ്സുള്ള മാതാവിന് നേരെ മകളുടെയും കൊച്ചുമകളുടെയും ഭാഗത്തുനിന്നും അതിക്രമം. നിരവധി കേസുകളില്‍ പ്രതിയായ അശ്വതി അച്ചുവിനെതിരെയാണ് ഗുരുതര പരാതി ഉയര്‍ന്നിരിക്കുന്നത്.
തിളപ്പിച്ച വെള്ളം തലയിലൂടെയും ശരീരത്തിലൂടെയും ഒഴിച്ച് രാധാമണിയെ പൊള്ളലേല്‍പ്പിച്ചു എന്നാണ് ഔദ്യോഗിക പരാതിയില്‍ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ രാധാമണി നിലവില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്കും മകള്‍ക്കുമെതിരെ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം അരങ്ങേറിയത്.
കൊല്ലം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ അശ്വതി ഭവനില്‍ അശ്വതിയും മകള്‍ അമൃതയും ചേര്‍ന്ന് രാധാമണിയുടെ തലയിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുകയായിരുന്നു. വീടിന് പുറത്തു സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് ഈ ആക്രമണം ഉണ്ടായത് എന്നാണ് മൊഴിയില്‍ പറയുന്നത്.
കണ്ണിന്റെ ഭാഗത്തും കവിളിലും കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും രാധാമണിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മാതാപിതാക്കളുടെ പേരിലുള്ള സ്വത്തിന്റെ ഓഹരി ആവശ്യപ്പെട്ട് അശ്വതി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു.
ഈ സ്വത്ത് തനിക്ക് എഴുതി നല്‍കാത്തതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കുടുംബ സ്വത്തായി ലഭിച്ച വീടും വസ്തുവും അശ്വതിയുടെയും രാധാമണിയുടെയും അശോകന്റെയും പേരിലുള്ളതാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതാപിതാക്കളെ പലതവണ ഇവര്‍ വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും, തുടര്‍ന്ന് പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഇതേ വീട്ടില്‍ താമസിപ്പിച്ചത് എന്നും രാധാമണി വ്യക്തമാക്കി.
ഏകദേശം എട്ട് മാസം മുന്‍പ് പിതാവ് അശോകന്റെ മുഖത്തും സമാനമായ രീതിയില്‍ തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേല്പ്പിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. അന്നത്തെ സംഭവത്തിലും അശ്വതിക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.
നിലവിലുള്ള സംഭവത്തില്‍ രാധാമണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അശ്വതിക്കും മകള്‍ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാതാവ് തന്നെ മര്‍ദ്ദിച്ചു എന്ന് കാണിച്ച് അശ്വതിയും പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികളെ ഉടന്‍ പിടികൂടാനുള്ള കര്‍ശന നടപടികളിലാണ് ചടയമംഗലം പൊലീസ് ഇപ്പോള്‍ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

