ഹിമാലയൻ മേഖലകളിൽ നിന്നും മധ്യേഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും പതിവായി ദേശാടനപ്പക്ഷികൾ എത്തുന്ന എലത്തൂർ കടൽത്തീരത്ത് ശ്രദ്ധേയമായ തിരിച്ചുവരവ്. ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അടയാളം പതിപ്പിച്ചു തുറന്നുവിട്ട
ദേശാടനപ്പക്ഷി വീണ്ടും എലത്തൂരിൽ പറന്നിറങ്ങിയത്. ഈ വർഷം സെപ്റ്റംബറിൽ എലത്തൂരിൽ എത്തിയ പക്ഷിക്കൂട്ടത്തിലാണ് ഈ പ്രത്യേക പക്ഷിയെ കണ്ടെത്തിയത്.
ഇതിന്റെ വലതുകാലിൽ കറുത്ത അടയാളക്കൊടിയും ഇടതുകാലിൽ ലോഹ വളയവും ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രമുഖ പക്ഷി ഗവേഷകൻ ഡോ.
അബ്ദുല്ല പാലേരിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. മധ്യ ഏഷ്യയിലും യൂറോപ്പിലും കൂടുകൂട്ടുന്ന യൂറേഷ്യൻ വിംബ്രെൽ അഥവാ തെറ്റിക്കൊക്കൻ പക്ഷിയാണിത്.
തെക്കേ ഇന്ത്യയിലെ ദേശാടനപക്ഷികളെക്കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയാണ് (ബിഎൻഎച്ച്്എസ്) പക്ഷികളുടെ കാലിൽ അടയാളങ്ങൾ അണിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഈ പക്ഷിയുടെ ചിത്രങ്ങൾ ബിഎൻഎച്ച്എസ്സിന് കൈമാറിയിട്ടുണ്ട്.
2020 ജനുവരിയിൽ കടലുണ്ടിയിൽ വെച്ചാണ് ബിഎൻഎച്ച്എസ്സിലെ ശാസ്ത്രജ്ഞനായ എസ്.ശിവകുമാർ ഈ പക്ഷിക്ക് വളയമിട്ടത്. ആറു വർഷത്തിനിടയിൽ ഈ പക്ഷിയെ വീണ്ടും കണ്ടെത്തുന്നത് ഇതാദ്യമായാണ്.
പൊതുവെ ഓഗസ്റ്റ് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് തെറ്റിക്കൊക്കൻ പക്ഷികളെ കേരളത്തിൽ കണ്ടുവരാറുള്ളത്. ഇത്തരം അടയാളങ്ങളോടെയുള്ള പക്ഷികളെ വീണ്ടും കണ്ടെത്തുന്നത് അവയുടെ ദേശാടന വഴികളെക്കുറിച്ചുള്ള വിലപ്പെട്ട
വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. 2020ൽ വളയമിട്ടുവിട്ട
പക്ഷി മധ്യേഷ്യയിലേക്കോ യൂറോപ്പിലേക്കോ തിരികെ പോയ ശേഷം ഈ വർഷം വീണ്ടും എലത്തൂരിൽ എത്തിയതാകാമെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഈ പക്ഷി കേരളത്തിലെത്തിയതായി മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോ.
അബ്ദുല്ല പാലേരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

