ഒമാനിൽ കടയിലെ ജീവനക്കാർക്ക് നേരെ പ്രവാസി പണം എറിഞ്ഞു നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ജോലിക്കിടെ പുരുഷ ജീവനക്കാരന് നേരെയും, മറ്റൊരു വീഡിയോയിൽ വനിതാ ജീവനക്കാരിക്ക് നേരെയും ഒരു വ്യക്തി പണം എറിയുന്ന ദൃശങ്ങളാണ് വീഡിയോയിലുള്ളത്.
അതേസമയം, ഇതിൽ രണ്ടാമത്തെ വീഡിയോ ബോധവൽക്കരണത്തിനായി മാത്രം നിർമ്മിച്ച രംഗമാണെന്ന് ഇതിൽ അഭിനയിച്ചവർ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരെയും കർശന നിയമനടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുൻപ് ഒമാനി റിയാൽ നോട്ടുകൾ വാഷ്ബേസിനിലെ ടാപ്പിന് താഴെവെച്ച് കഴുകുന്ന വീഡിയോ പങ്കുവെച്ച ഏഷ്യൻ യുവതിക്കെതിരെയും പൊലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ റിസർച്ച് കേസെടുത്തിരുന്നു. “ഞാൻ വിദേശത്ത് പണമുണ്ടാക്കുന്നത് ഇങ്ങനെയാണെന്നാണ് കുടുംബം വിചാരിക്കുന്നത്” എന്ന കുറിപ്പോടെയായിരുന്നു ഈ വീഡിയോ പ്രചരിപ്പിച്ചത്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തെറ്റായി ഉപയോഗിക്കുന്നതും ദേശീയ കറൻസിയെ അനാദരിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ കൊണ്ട് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ലെന്നും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നിലവിൽ വീഡിയോകളിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കുമെതിരെയുള്ള നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

