കാസർകോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിൽ എത്തിച്ചേരുന്ന സഞ്ചാരികളെ നിരാശരാക്കുന്നതാണ് ഇവിടത്തെ ഒരു പ്രധാന ടൂറിസം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ. ബജറ്റ് ഇണങ്ങുന്ന താമസസ്ഥലം തേടി എത്തുന്നവർക്ക് മുന്നിൽ ‘ടെംപറർലി ക്ലോസ്ഡ്’ എന്ന ബോർഡുയർത്തി നശിച്ചുകൊണ്ടിരിക്കുകയാണ് മനോഹരമായ ബീച്ച് വ്യൂ റിസോർട്ട്.
ഗൂഗിൾ മാപ്പിൽ മികച്ച റിവ്യൂ ഉള്ള മലബാറിലെ ആദ്യ കെടിഡിസി ബീച്ച് ക്യാംപാണ് അനാസ്ഥയെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്നത്. മരങ്ങൾ ഉപയോഗിച്ച് നിർമിച്ച വുഡൻ ഹട്ട് മാതൃകയിലുള്ള കെട്ടിടങ്ങൾ കോവിഡ് കാലത്താണ് അടച്ചുപൂട്ടിയത്.
പിന്നീട് ഇവയെ തിരിഞ്ഞുനോക്കാൻ അധികൃതർ തയ്യാറായില്ല. എന്നാൽ പ്രവർത്തനമില്ലെങ്കിലും ബിആർഡിസിക്ക് എല്ലാ വർഷവും 7 ലക്ഷം രൂപയും ജിഎസ്ടിയും ലീസ് ഇനത്തിൽ കെടിഡിസി മുടങ്ങാതെ നൽകുന്നുണ്ട്.
ഇതിനുപുറമേ പഞ്ചായത്തിന് ടാക്സ് ഇനത്തിൽ 50000 രൂപയും കുറഞ്ഞ കറന്റ് ബില്ലും വരുന്നുണ്ട്. നവീകരണത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫയലുകൾക്ക് പുറത്തേക്ക് എത്തിയിട്ടില്ല.
2010ലാണ് കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ മലബാർ മേഖലയിലെ ആദ്യ റിസോർട്ട് എന്ന നിലയിൽ ബേക്കൽ ബീച്ച് ക്യാമ്പ് പ്രഖ്യാപിക്കുന്നത്. ബിആർഡിസിയിൽനിന്ന് 25 വർഷത്തേക്കു ലീസിനെടുത്ത രണ്ട് ഹെക്ടർ സ്ഥലത്ത് 30 ടെന്റ് മാതൃകയിലുള്ള കോട്ടേജുകൾ നിർമിക്കാനായിരുന്നു പദ്ധതി.
എന്നാൽ ആദ്യഘട്ടത്തിൽ 20 കോട്ടേജുകൾക്ക് കരാറായിരുന്നെങ്കിലും നിർമിച്ചത് 6 എണ്ണം മാത്രമാണ്. ഒരു റിസപ്ഷനും ജനറേറ്റർ മുറിയും മാത്രമാണ് പിന്നീട് ഉണ്ടായത്.
സ്വിമ്മിങ് പൂൾ, ആയുർവേദ കേന്ദ്രം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 2016 മാർച്ചിലാണ് ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
കോവിഡ് വ്യാപനത്തോടെ പൂർണമായി അടച്ച റിസോർട്ട് പിന്നീട് തുറക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 2021ൽ തുറക്കാൻ ശ്രമിച്ചെങ്കിലും കോട്ടേജുകൾ പൂർണമായി ദ്രവിച്ചുപോയതിനാൽ സഞ്ചാരികൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
സഞ്ചാരികൾക്ക് സുരക്ഷിതമായി അഞ്ച് മിനിറ്റ് പോലും നിൽക്കാൻ കഴിയാത്ത വിധം കെട്ടിടങ്ങൾ തകർന്നിരുന്നു. 2022ൽ ബേക്കൽ ബീച്ച് ഫെസ്റ്റിനിടയിൽ ഈ ക്യാംപിന്റെ ദയനീയാവസ്ഥ വീണ്ടും ചർച്ചയായിരുന്നു.
തുടർന്ന് റിസോർട്ട് നവീകരണത്തിനായി ഏകദേശം 2 കോടി രൂപ അനുവദിച്ചതായി അധികൃതർ വ്യക്തമാക്കുകയും ഒൻപത് മാസത്തെ കാലാവധി നിശ്ചയിക്കുകയും ചെയ്തിരുന്നു. കൂടാതെ 2024–25 കേരള സംസ്ഥാന പ്ലാൻ രേഖപ്രകാരം റിസോർട്ട് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചതായും പറയുന്നുണ്ട്.
എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം വെറും വാഗ്ദാനങ്ങളിലൊതുങ്ങിയിരിക്കുകയാണ്. കെടിഡിസിയുടെ ഔദ്യോഗിക ടൂറിസം പട്ടികയിലും താമസസ്ഥലങ്ങളുടെ ഡയറക്ടറിയിലും ഈ ക്യാമ്പ് ഇപ്പോഴും ഇടംപിടിച്ചിട്ടുണ്ടെങ്കിലും യാഥാർത്ഥ്യം അതീവ ശോചനീയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

