മകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിന് കോടതി ശിക്ഷ വിധിച്ചു. പേരാമംഗലം പെരിങ്ങന്നൂർ കോരമ്പിൽ വീട്ടിൽ സജീവൻ (61) ആണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി അഞ്ച് വർഷവും ഒരു മാസവും കഠിനതടവും 10,000 രൂപ പിഴയും വിധിച്ചത്.
സജീവന്റെ മകൻ അഭിജിത്ത് (31) നേയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 2021 സെപ്റ്റംബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയായ സജീവൻ ഭാര്യ പാർവതിയെ നിരന്തരം വഴക്കുപറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ഇറച്ചി വെട്ടുകാരനായ സജീവൻ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച അഭിജിത്ത് പ്രാണരക്ഷാർത്ഥം വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.
തുടർന്ന് ഓടിയെത്തിയ നാട്ടുകാരും മാതാവും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. കോടതി വിധിച്ച പിഴത്തുക പരിക്കേറ്റ അഭിജിത്തിന് നൽകണമെന്ന് വിധിയിൽ പ്രത്യേക പരാമർശമുണ്ട്.
പ്രോസിക്യൂഷൻ കോടതിയിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പേരാമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.
സുധീർ ബാബു മൊഴിയെടുത്ത കേസിൽ, സബ് ഇന്സ്പെക്ടർ ഡി. ശ്രീജിത്ത് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ.
രജിത്കുമാർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

