കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ദീർഘകാലമായുള്ള ഒളിവ് ജീവിതത്തിനൊടുവിൽ പ്രതി അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശിയായ ബൻസീർ ആണ് പിടിയിലായത്.
മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാൾ, എട്ടു വർഷത്തോളം നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. 2018 ഫെബ്രുവരി 14-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
താവക്കര സ്കൈ പാലസിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന യുവാവിനെ ബൻസീർ ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 12,000 രൂപയും കവർച്ച ചെയ്ത ശേഷം റെയിൽവേ സ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതിയെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ ഇയാൾ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് ഇത്രയും നാളും നാട്ടിലേക്ക് വരാതിരുന്ന പ്രതി അടുത്തിടെ കണ്ണൂരിൽ എത്തിയതായി കണ്ണൂർ ടൗൺ പൊലീസിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ ബെൻസീർ മട്ടന്നൂരിൽ താമസിച്ചു വരികയാണെന്ന് കണ്ടെത്തുകയും, കണ്ണൂർ ടൗൺ സി.ഐ മഹേഷ് കണ്ടമ്പേത്ത് അടങ്ങിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. 40കാരനാണ് പിടിയിലായ ബെൻസീർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

