കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
കേസിന്റെ അന്വേഷണം ഏറെ നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
ഈ കേസിൽ കോളേജിലെ രണ്ട് അധ്യാപകരെക്കൂടി കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ.
എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.
വകുപ്പ് മേധാവിയായ റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് ജീവനൊടുക്കുന്നതിന് മുൻപ് പറഞ്ഞിരുന്നതായി കുടുംബം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രതികളായ എം.കെ.
റാമിനെയും സംഗീതയെയും കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
ഈ വർഷം ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഇതിനിടയിൽ, അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ നോയിഡയിലെ ‘ഇൻസ്റ്റന്റ് ഫണ്ട്’ എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

