സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഓണം ബംപർ ഭാഗ്യക്കുറിക്ക് റെക്കോർഡ് വിൽപനയാണ് ഇത്തവണ ഉണ്ടായത്. 500 രൂപ നിരക്കിൽ TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബംപർ ടിക്കറ്റുകൾ പുറത്തിറക്കിയത്.
അച്ചടിച്ച 90 ലക്ഷം ലോട്ടറികളും വിറ്റഴിഞ്ഞു. ഭാഗ്യപരീക്ഷണത്തിന് മുന്നിലുണ്ടായിരുന്നത് പാലക്കാടുകാരാണ്.
രണ്ടാമത് തൃശൂരും മൂന്നാമത് തിരുവനന്തപുரവും. ഏറ്റവും കുറവ് വിൽപന കാസർകോടായിരുന്നു.
ലോട്ടറി നിയമാവലി പ്രകാരം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ സമ്മാനങ്ങൾക്കും ഏജന്റ് കമ്മിഷനും ആദായനികുതിയും (ടിഡിഎസ്) കിഴിച്ചുള്ള തുകയാണ് സമ്മാനാർഹർക്ക് ലഭിക്കുക. മൊത്തം സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റ് കമ്മിഷനായി കുറച്ചശേഷം, ബാക്കി തുകയുടെ 30 ശതമാനം സർക്കാരിലേക്ക് നികുതിയായി ഈടാക്കും.
ഉദാഹരണത്തിന്, ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ അടിച്ചാൽ മൂന്ന് കോടി രൂപ (10 ശതമാനം) ഏജന്റ് കമ്മിഷനായി നൽകണം. ബാക്കിയുള്ള 27 കോടി രൂപയുടെ 30 ശതമാനം സർക്കാരിലേക്ക് നികുതിയായി (ടിഡിഎസ്) അടയ്ക്കണം.
അതായത് 8.10 കോടി രൂപ. ഈ കുറവുകൾക്കെല്ലാം ശേഷം ബാക്കി 18.90 കോടി രൂപ വരും.
ടിഡിഎസിന്റെ 25 ശതമാനം (2.025 കോടി രൂപ) സർചാർജായും, സർചാർജ് തുകയുടെ നാലു ശതമാനം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയും കൊടുക്കണം (40.50 ലക്ഷം രൂപ). അതായത് ആകെ 10.53 കോടി രൂപ നികുതിയായി നൽകണം.
16.47 കോടി രൂപയാകും സമ്മാനാർഹന് ലഭിക്കുക. ഗ്രൂപ്പായി ചേർന്ന് ലോട്ടറി എടുത്ത ടിക്കതിനാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ പങ്കാളികളുടെ പേര്, പാൻ കാർഡ് നമ്പർ, ഓരോരുത്തരുടെയും വിഹിതം എന്നിവ വ്യക്തമാക്കുന്ന ഡിക്ലറേഷൻ സമർപ്പിക്കണം.
ഇത് കൃത്യമായി ചെയ്താൽ ലോട്ടറി വകുപ്പ് ഓരോരുത്തരുടെയും വിഹിതത്തിന് പ്രത്യേകം ടിഡിഎസ് ഈടാക്കി അവരവരുടെ പേരിൽ ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകും. ഉദാഹരണത്തിന് 30 കോടി രൂപ 30 പേർക്ക് വീതിച്ചാൽ (10 ശതമാനം കമ്മിഷൻ തുക കൂട്ടാതെ) ഓരോരുത്തർക്കും ലഭിക്കുന്ന തുകയുടെ 30 ശതമാനം ടിഡിഎസ് പിടിക്കും.
അതു കിഴിച്ചുള്ള തുകയാണ് ഓരോ അംഗങ്ങൾക്കും ലഭിക്കുന്നത്. ഈ തുകയ്ക്ക് ടാക്സ് റിട്ടേൺ സമർപ്പിക്കണം.
‘ഇൻകം ഫ്രം അദർ സോഴ്സസസ്’ എന്ന വിഭാഗത്തിൽ ഈ വരുമാനം കാണിക്കണം. ‘സർചാർജും സെസും ചേർത്ത് നികുതി കണക്കാക്കി അടയ്ക്കണം’– ചാർട്ടേഡ് അക്കൗണ്ടന്റ് സുബിൻ വി.ആർ. പറയുന്നു.
30 പേർ ചേർന്നാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നത് എന്നിരിക്കട്ടെ. മുൻകൂട്ടി ഡിക്ലറേഷൻ സമർപ്പിക്കാതെ ഒരാളുടെ പേരിൽ ടിക്കറ്റ് സമർപ്പിച്ചാൽ 30 കോടിയുടെ ടിഡിഎസ് ആ വ്യക്തിയുടെ പേരിൽ ഈടാക്കും.
നികുതി ബാധ്യത പൂർണമായി ആ ഒരാൾക്ക് മാത്രമാകും. ബാക്കി 29 പേർക്ക് അവരുടെ വിഹിതം കൈമാറുമ്പോൾ ആദായനികുതി നിയമപ്രകാരം ഇത് ‘ഗിഫ്റ്റ്’ ആയി പരിഗണിക്കും.
50,000 രൂപയിൽ കൂടുതൽ വിലയുള്ളതെന്തും പ്രതിഫലമായി ലഭിച്ചാൽ അത് ‘ഇൻകം ഫ്രം അദർ സോഴ്സസസ്’ ആണ്. അതായത്, സ്ലാബ് നിരക്ക് പ്രകാരം നികുതി അടയ്ക്കണം.
ചുരുക്കത്തിൽ ഒരേ തുകയ്ക്ക് ഇരട്ട നികുതി ബാധ്യത.
ആദ്യം ക്ലെയിം ചെയ്തയാൾ 30 ശതമാനം നിരക്കിലും ബാക്കിയുള്ളവർ ഗിഫ്റ്റ് ടാക്സും അടയ്ക്കണം. സഹോദരങ്ങൾ, മാതാപിതാക്കൾ, ജീവിതപങ്കാളി എന്നിവർക്ക് അടുത്ത ബന്ധു എന്ന നിർവചനത്തിന് കീഴിൽ ഇളവുണ്ടാകും.
സഹപ്രവർത്തകർ ഒന്നിച്ചോ സുഹൃത്തുക്കൾ ഒന്നിച്ചോ എടുത്ത ടിക്കറ്റിന് ഈ ഇളവുകൾ ലഭിക്കില്ലെന്ന് സുബിൻ വി.ആർ. പറയുന്നു. സമ്മാന തുകയുടെ പത്ത് ശതമാനം (മൂന്ന് കോടി രൂപ) ഏജന്റിന് കമ്മിഷനായി ലഭിക്കും.
ഈ തുകയ്ക്ക് നികുതി അടയ്ക്കാൻ ഏജന്റ് ബാധ്യസ്ഥനാണ്. ഏജന്റുമാർ ആദായനികുതിയെക്കുറിച്ച് അറിയുകയും കൃത്യമായി അടയ്ക്കുകയും വേണം.
അല്ലെങ്കിൽ വലിയ തുക പിഴയായി അടയ്ക്കേണ്ടി വരും. ഏജൻറുമാരുടെ വരുമാനം ‘ബിസിനസ് വരുമാനം’ ആയാണ് കണക്കാക്കുന്നതെന്ന് സുബിൻ വ്യക്തമാക്കുന്നു.
ബിസിനസ്, കമ്മിഷൻ വരുമാനത്തിൽ നിന്നു വാടക, ജീവനക്കാരുടെ ശമ്പളം എന്നീ ചെലവുകൾ കുറയ്ക്കും. ബാക്കിയുള്ള ലാഭത്തിനാണ് നികുതി അടയ്ക്കേണ്ടത്.
കമ്മിഷനായി ലഭിച്ച മൂന്ന് കോടിക്ക് ലോട്ടറി ഏജന്റും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. സമ്മാനർഹനും ഏജന്റും ഒറ്റ തവണ മാത്രം ഇൻകം ടാക്സ് ഫയൽ ചെയ്താൽ മതിയാകും.
ഇത് വൈകിയാൽ അധിക ബാധ്യതയായി പലിശയും പിഴയും വരുമെന്ന കാര്യം മറക്കരുത്. 10 ലക്ഷം രൂപയ്ക്കു മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ആധാർ കാർഡ്, പാൻ കാർഡ് (ഇവ ലിങ്ക് ചെയ്തിരിക്കണം) ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം അറ്റസ്റ്റു ചെയ്ത കോപ്പിയും ഫോട്ടോയും സഹിതം തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഡയറക്ട്രേറ്റ് സമ്മാന വിഭാഗത്തിൽ 90 ദിവസത്തിനകം സമർപ്പിക്കണം.
10 ലക്ഷം രൂപയിൽ താഴെ സമ്മാനതുക ലഭിച്ച ടിക്കറ്റുകൾ അതത് ജില്ലാ ഭാഗ്യക്കുറി ഓഫിസിലാണ് സമർപ്പിക്കേണ്ടത്. തുക ലഭിക്കേണ്ട
വ്യക്തിയുടെ കയ്യിലേക്ക് പണം എത്തുന്നതിനു മുൻപ് തന്നെ നൽകുന്നയാൾ നിശ്ചിത ശതമാനം നികുതിയായി നൽകുന്നതിനെയാണ് ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് –Tax Deducted at Source (ടിഡിഎസ്). കുറച്ച ടിഡിഎസ് തുക പാൻ അക്കൗണ്ടിൽ ക്രെഡിറ്റായി രേഖപ്പെടുത്തും.
സാമ്പത്തിക വർഷാവസാനത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആകെ വാർഷിക വരുമാനം നികുതി സ്ലാബിന് താഴെയാണെങ്കിൽ ഈടാക്കിയ മുഴുവൻ ടിഡിഎസ് തുകയും സർക്കാരിൽ നിന്ന് റീഫണ്ടായി തിരികെ വാങ്ങാം. ലോട്ടറിയുടെ കാര്യത്തിൽ ടിഡിഎസ് തിരികെ ലഭിക്കില്ല.
ഇതര സംസ്ഥാനത്തുള്ളയാൾക്കാണ് ലോട്ടറി അടിക്കുന്നതെങ്കിൽ പണം ലഭിക്കാൻ നൂലാമാലകൾ ഒന്നുമില്ല. എന്നാൽ, കേരളത്തിനു പുറത്തുള്ളവർക്ക് ലോട്ടറി ഏജന്റ് ആകാൻ സാധിക്കില്ല.
ഏജൻസി ആരംഭിക്കാൻ കേരളത്തിലെ വിലാസമുള്ള ആധാർ കാർഡ് നിർബന്ധമാണെന്ന് നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ നീരജ് എസ് പറഞ്ഞു. കേരളത്തിൽ ലോട്ടറി നറുക്കെടുപ്പ് വേളയിൽ തന്നെ, അത് വിറ്റഴിഞ്ഞ ടിക്കറ്റാണോ എന്ന് കംപ്യൂട്ടർ സംവിധാനം വഴി തത്സമയം പരിശോധിക്കാൻ സാധിക്കും.
വിറ്റഴിക്കപ്പെടാത്ത ടിക്കറ്റാണ് നറുക്കെടുപ്പിൽ വരുന്നതെങ്കിൽ, വിറ്റഴിച്ച ഒരു ടിക്കറ്റിന് സമ്മാനം ലഭിക്കുന്നത് വരെ നറുക്കെടുപ്പ് തുടരും. ഇത്തവണ ഓണം ബംപർ ടിക്കറ്റിന് 500 രൂപയായിരുന്നു വില.
500 രൂപയുടെ ഒരു ടിക്കറ്റ് വിൽക്കുമ്പോൾ യഥാർഥ ടിക്കറ്റ് വില 357.14 രൂപയാണ്. 40 ശതമാനമാണ് ലോട്ടറിക്ക് ജിഎസ്ടി ഈടാക്കുന്നത്.
142.86 രൂപയാണ് ഒരു ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടി. 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
അതായത്, 321 കോടി രൂപയാണ് സർക്കാരിന് ലഭിക്കുന്നത്. ഇതിനുപുറമേ സംസ്ഥാനത്തിന്റെ ജിഎസ്ടി വിഹിതവും സംസ്ഥാനത്തിനു ലഭിക്കും.
ടിക്കറ്റിന്റെ പിന്നിൽ നിങ്ങളുടെ പേരും വിലാസവും എഴുതി ഒപ്പിടണമെന്ന് കേരള ലോട്ടറി ചട്ടം അനുശാസിക്കുന്നു. ടിക്കറ്റിന് കേടുപാടുകൾ ഇല്ലെന്നും ബാർകോഡും നമ്പറും കൃത്യമാണെന്നും ഉറപ്പാക്കണം.
ടിക്കറ്റിന്റെ ഇരുവശങ്ങളും ഫോട്ടോ/സ്കാൻ എടുത്തു സൂക്ഷിക്കണം. ടിക്കറ്റ് കീറുകയോ നനയുകയോ ചെയ്താലും ടിക്കറ്റ് നമ്പർ, സീരീസ്, ബാർകോഡ്, നറുക്കെടുപ്പ് തീയതി എന്നിവ വ്യക്തമായി വായിക്കാൻ സാധിക്കണം.
ടിക്കറ്റ് രണ്ടായി കീറിയതാണെങ്കിൽ പോലും ടിക്കറ്റിലെ പ്രധാന വിവരങ്ങൾ കൃത്യമായി കൂട്ടിച്ചേർത്ത് വായിക്കാൻ സാധിച്ചാൽ അപേക്ഷ പരിഗണിച്ചേക്കാം. കീറിയ ടിക്കറ്റ് അനാവശ്യമായി ഒട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം കാണിച്ചതായി കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടിവരും. നറുക്കെടുപ്പിനു ശേഷം സമ്മാനം ലഭിച്ചു എന്ന പേരിൽ റജിസ്ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി ഫോൺ മുഖേനയോ കത്തിലൂടെയോ പണം നൽകരുത്.
ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ , ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്. കൂടുതൽ വിവരങ്ങൾ www.statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

