മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ കൃത്യമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പാർട്ടിയിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും, കോൺഗ്രസും സിപിഎമ്മുമാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയൻ ജയിലിൽ പോകണമെന്ന് മുമ്പ് പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ മറ്റൊരു അവതരണം നടത്തുകയുണ്ടായി. എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും കേരളത്തിലെ പാർട്ടി നേതാക്കൾക്കും രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
രാഹുൽ ഗാന്ധി ഒരു വലിയ ഫ്രോഡ് ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എസ്ഐആർ വഴിയാണ് തങ്ങളെ തോൽപ്പിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ വാദമെന്നും കൂട്ടിച്ചേർത്തു. എന്നാൽ അഴിമതിയും വികസന മുരടിപ്പുമാണ് ജനങ്ങൾ അവരെ തോൽപ്പിക്കാൻ കാരണമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് എസ്ഐആർ സംവിധാനമെന്നും, രാഹുൽ ഗാന്ധി വർഷങ്ങളായി അടിസ്ഥാനരഹിതമായ പ്രസ്താവനകളുമായി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങളെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും, അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മൂന്ന് വ്യക്തികൾ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും, ഇതിന്റെ പേരിൽ വലിയ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

