കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരെ വൈസ് ചെയർപഴ്സനായും തിരഞ്ഞെടുത്തു.
തെന്നിന്ത്യൻ സിനിമയിൽ ദീർഘകാലമായി നിറസാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ, ചലച്ചിത്ര മേഖലയുടെ സാങ്കേതികവും കലാപരവുമായ നിലവാരം ഉയർത്തുന്നതിന് മുൻഗണന നൽകുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നടൻ സലിം ഹസ്സൻ, സംവിധായകൻ ജോഫിൻ.ടി.ചാക്കോ എന്നിവർ പ്രവർത്തിക്കും.
ഇതിനുപുറമെ, ജനറൽ കൗൺസിൽ വിപുലീകരിച്ച് പുനഃസംഘടിപ്പിച്ചു. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി.
രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ.
ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധൻ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ് രവീന്ദ്രൻ. തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ.
സാറാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അഭിനയകലയിൽ പരിശീലനം നേടിയത്. 1980-ൽ പുറത്തിറങ്ങിയ ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്.
തുടർന്ന് തമിഴ്, മലയാളം ഭാഷകളിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ‘സകലകലാ വല്ലവൻ’, ‘രാം ലക്ഷ്മൺ’, ‘രംഗ’, ‘പൊക്കിരി രാജ’, ‘തങ്കമകൻ’, ‘പെർ സൊല്ലും പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പവും അദ്ദേഹം വേഷമിട്ടു.
മലയാളത്തിൽ ‘അശ്വരഥം’, ‘ഈ നാട്’, ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘ഇന്നലെ ഇന്നെങ്കിൽ’, ‘സിന്ദൂരസന്ധ്യയ്ക്ക് മൗനം’, ‘അതിരാത്രം’, ‘ഇടനിലകൾ’ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

