ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയെ എതിർത്ത് പാലാ എംഎൽഎ മാണി സി. കാപ്പൻ ഹൈക്കോടതിയിൽ.
ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി ദുരുദ്ദേശ്യപരവും കോടതി നടപടികളുടെ ദുരുപയോഗവുമാണെന്നും എംഎൽഎ ചൂണ്ടിക്കാണിക്കുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി 2010ൽ വാങ്ങിയ രണ്ടു കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി നൽകിയ ചെക്കുകൾ മടങ്ങിയ കേസിൽ ഈ മാസം ഒന്നിന് മുംബൈ ബോറിവലി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി മാണി സി. കാപ്പനെ ശിക്ഷിച്ചിരുന്നു.
നാലു കേസുകളിലുമായി മൂന്നര വർഷം തടവും പരാതിക്കാരനായ പാലക്കാട് സ്വദേശിയും മുംബൈയിലെ വ്യവസായിയുമായ ദിനേശ് മേനോൻന് 5.30 കോടി രൂപ നഷ്ടപരിഹാരവുമാണ് വിധിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി സ്വയം അയോഗ്യനാക്കപ്പെടുമെന്നും അതിനാൽ പാലാ മണ്ഡലം ഒഴിവുവന്നതായി പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, നിയമസഭാ സ്പീക്കർ, മാണി സി. കാപ്പൻ എന്നിവർക്ക് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നേരത്തെ നോട്ടിസ് അയച്ചിരുന്നു.
എന്നാൽ, ഈ ഹർജി ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് മാണി സി. കാപ്പൻ എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 191 (1) പ്രകാരം ഒരു നിയമസഭാംഗത്തെ അയോഗ്യനാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയ ശേഷം ഗവർണറാണ്. ഹൈക്കോടതിക്ക് ആർട്ടിക്കിൾ 226 പ്രകാരം ഇതിൽ ഇടപെടാൻ അധികാരമില്ലെന്നും സ്പീക്കറെയോ കോടതിയെയോ സമീപിക്കുന്നത് നിയമപരമല്ലെന്നും അദ്ദേഹം പറയുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരം അയോഗ്യത കൽപ്പിക്കണമെങ്കിൽ ഒരൊറ്റ കേസിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും തടവുശിക്ഷ ലഭിക്കണം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (സെക്ഷൻ 138) പ്രകാരമുള്ള നാല് വെവ്വേറെ കേസുകളിലായി ലഭിച്ച ശിക്ഷകൾ കൂട്ടിച്ചേർത്ത് രണ്ടു വർഷത്തിന് മുകളിലാക്കി അയോഗ്യത കൽപ്പിക്കാനാകില്ലെന്ന് എംഎൽഎ വാദിക്കുന്നു.
നാല് കേസുകളിലും വെവ്വേറെ വിചാരണയും വിധിയുമാണ് ഉണ്ടായത്. ഓരോ കേസിനും ഒരു വർഷത്തിൽ താഴെയോ ആറു മാസത്തെയോ ശിക്ഷ മാത്രമാണുള്ളത്.
ഒരൊറ്റ വിചാരണയിൽ ഒന്നിലധികം കുറ്റങ്ങൾക്ക് ശിക്ഷിക്കുന്ന കേസിനെ അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതി വിധി ഈ വിഷയത്തിൽ ബാധകമല്ലെന്നും നിലവിൽ താൻ തടവുശിക്ഷ അനുഭവിക്കുന്നില്ലെന്നും മാണി സി. കാപ്പൻ അറിയിച്ചു.
വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഹർജി പൂർണ്ണമായും തള്ളിക്കളയണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

