വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും പ്രമുഖ ഓൾറൗണ്ടർ ആശ ശോഭന കേരളത്തിനായി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ഈ താരത്തെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേരള ടീമിലേക്കുള്ള മടങ്ങി വരവ് യാഥാർത്ഥ്യമായത്.
നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയാണ് ആശ ശോഭന. സ്വന്തം സംസ്ഥാനത്തിനായി കളിക്കണമെന്ന താരത്തിന്റെ ആഗ്രഹവും, ടീമിൽ നിലനിർത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശക്തമായ ആവശ്യവും മാനിച്ചാണ് കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് വ്യക്തമാവുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനായി കളിക്കാൻ റെയിൽവേസ് ഔദ്യോഗിക അനുമതി നൽകുകയായിരുന്നു. വരാനിരിക്കുന്ന സീസണിനായുള്ള തയ്യാറെടുപ്പിൽ ഇരിക്കുന്ന കേരള ടീമിന് ഈ തിരിച്ചുവരവ് വലിയൊരു കരുത്താകും.
മികച്ച ഫോമിൽ തുടരുന്ന താരം സമീപകാല മത്സരങ്ങളിലെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മാസം മുമ്പ് നടന്ന സീചെം ട്രോഫിയിൽ ആശ ശോഭനയുടെ നേതൃത്വത്തിൽ ഇറങ്ങിയ കേരള ടീം ചാമ്പ്യന്മാരായി മാറിയിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത താരം രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും കരസ്ഥമാക്കി. തിരുവനന്തപുരം സ്വദേശിനിയായ ലെഗ് സ്പിൻ ഓൾറൗണ്ടറാണ് ആശ ശോഭന.
കേരളത്തിന്റെ ജൂനിയർ, സീനിയർ ടീമുകളിലൂടെ കരിയർ കെട്ടിപ്പടുത്ത താരം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റിന്റെ നിർണ്ണായക സാന്നിധ്യമാണ്. ആഭ്യന്തര ക്രിക്കറ്റിൽ റെയിൽവേസ്, പോണ്ടിച്ചേരി ടീമുകൾക്കായും താരം പാഡണിഞ്ഞിട്ടുണ്ട്.
ആഭ്യന്തര മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമാണ് പിന്നീട് വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്താൻ വഴിയൊരുക്കിയത്. ആർ.സി.ബിയുടെ കിരീടനേട്ടത്തിലും താരം നിർണ്ണായക പങ്കുവഹിച്ചിരുന്നു.
ഡബ്ല്യു.പി.എല്ലിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ആശയ്ക്ക് മുന്നിൽ തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയിലും താരം തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

