തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്ക് ശാഖകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുന്നു. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (ഐഡിഎ) പ്രകാരം ഞായർ അവധിദിനമായതിനാൽ യൂണിയൻ അംഗങ്ങൾ ആരും ശാഖകളിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എഐബിഒഎ) ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഞായറാഴ്ച പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിക്കുമെന്ന് വ്യക്തമായിട്ടുമുണ്ട്.
ആഴ്ചയിൽ പ്രവൃത്തിദിനം 5 ആയി ചുരുക്കുക, കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിൽ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നടക്കുന്നത്. ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുബിഎഫ്യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എട്ട് ലക്ഷംത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്. സെപ്റ്റംബർ 26 ശനിയും 27 ഞായറും ആയതിനാൽ ഫലത്തിൽ തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഇത് ചെക്ക് ക്ലിയയറൻസ്, എടിഎം ഉൾപ്പെടെ പണമിടപാടുകളെ ബാധിക്കുമെന്നതിനാൽ, ജനങ്ങളും വ്യാപാര-വാണിജ്യ സമൂഹങ്ങളും നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാൻ റിസർവ് ബാങ്ക് അനുവദിച്ചത്. ഇതോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത് ഇപ്രകാരമാണ്: “Customer Advisory: All branches of State Bank of India will remain open and function normally on Sunday, 27 September 2026.
Customers may visit any SBI Branch for banking services. SBI remains committed to offering uninterrupted and convenient banking facilities for all our customers.” എങ്കിലും, ഞായറാഴ്ച ജീവനക്കാർ അതത് ശാഖകളിൽ ജോലിക്ക് കയറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് യുബിഎഫ്യു ഭാരവാഹികൾ അറിയിച്ചു.
ഇന്ന് വൈകിട്ടോ നാളെയോ മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (എൻഐഎ) പ്രകാരമാണോ ഞായർ പ്രവൃത്തിദിനമാക്കിയതെന്ന് വ്യക്തമല്ലാത്തതാണ് പ്രധാനമായും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
അതേസമയം, മാസാവസാനം ബാങ്ക് സമരമായതിനാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നാളെ വിതരണം ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ട്രഷറി ശാഖകൾക്ക് സാധാരണ സൂക്ഷിക്കുന്ന പണത്തിന്റെ ഇരട്ടി കൈവശം വയ്ക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
പണിമുടക്ക് ഒഴിവാക്കാൻ യൂണിയനുകളുമായി കേന്ദ്രസർക്കാർ നേരത്തേ ചർച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. പണിമുടക്കുന്നതുകൊണ്ട് ഒന്നും നേടാനാവില്ലെന്ന് കേന്ദ്രവും പ്രതികരിച്ചിരുന്നു.
എന്നാൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. പ്രവൃത്തിദിനം 5 ആക്കുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അനുകൂല തീരുമാനമെടുത്തിരുന്നു.
നിർദേശം കേന്ദ്രത്തിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഈ വിഷയത്തിൽ യൂണിയന്റെ നിലപാട് വ്യക്തമാക്കുന്ന സന്ദേശം ഇപ്രകാരമാണ്: “27th September is not a day for confusion—it’s a day to stand united! ✊ UFBU has taken up the issue of banks being instructed to operate branches/currency chests on Sunday with IBA.
Our unity is our strength. Let’s remain alert, disciplined and united in support of our collective struggle.
ONE UNION • ONE VOICE • ONE STRUGGLE #BankStrike #BankEmployees #27September #BankingUnity”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

