തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ആക്ഷേപം ഉയർന്നു. മതിയായ യോഗ്യതയില്ലാത്തവരെയും ബന്ധുക്കളെയും തസ്തികയിലേക്ക് തിരുകിക്കയറ്റാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന അഭിമുഖം അധികൃതർ മാറ്റിവച്ചു.
ആശുപത്രി വികസന സമിതിയുടെ (HDS) മേൽനോട്ടത്തിൽ 17 വനിതാ സുരക്ഷാ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായാണ് മുൻപ് അഭിമുഖം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാലാവധി പൂർത്തിയാക്കിയവർക്ക് പകരക്കാരായി പാർട്ടിക്കാരെയും അനർഹരെയും പിൻവാതിലിലൂടെ നിയമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പ്രധാന ആരോപണം.
വിമുക്ത ഭടൻമാരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ഏജൻസിയായ കെക്സ്കോൺ (കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ ഡവലപ്്മെന്റ് ആൻഡ് റീ ഹാബിലിറ്റേഷൻ കോർപറേഷൻ) വഴി മാത്രമേ ഇത്തരം നിയമനങ്ങൾ നടത്താവൂ എന്ന സർക്കാർ ഉത്തരവ് ഇവിടെ ലംഘിക്കപ്പെട്ടതായി വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനു വിരുദ്ധമായി സ്വകാര്യ ഏജൻസികൾക്ക് മുൻഗണന നൽകിക്കൊണ്ട് സ്വന്തക്കാരെ തിരുകിക്കയറ്റാൻ ലക്ഷ്യമിട്ടാണ് അഭിമുഖം സംഘടിപ്പിച്ചതെന്നാണ് പരാതി.
വ്യാപകമായ പ്രതിഷേധവും പരാതികളും ഉയർന്നതിനെ തുടർന്ന് സമിതി ചെയർമാനായ കലക്ടർ നേരിട്ട് ഇടപ്പെടുകയും തുടർന്ന് അഭിമുഖം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, സ്വകാര്യ ഏജൻസികൾ വഴി നിയമനം നടത്തുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും കെക്സ്കോൺ വഴി മാത്രമേ നിയമനം നടത്താവൂ എന്ന് കർശന നിർദ്ദേശമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കരാർ-ദിവസവേതന നിയമനങ്ങളുടെ പേരിൽ സ്വജനപക്ഷപാതം നടക്കുന്നത് ഇത് ആദ്യമായല്ലെന്നും ആക്ഷേപമുണ്ട്. എച്ച്ഡിഎസ് മുഖേനയുള്ള നിയമനങ്ങളിൽ വൻതോതിൽ കമ്മീഷൻ കൈപ്പറ്റാൻ കഴിയുമെന്നത് മുൻകൂട്ടിക്കണ്ടാണ് പുറത്തുനിന്നുള്ള അനർഹരെ ബോധപൂർവം തിരയുന്നതെന്നാണ് പ്രധാന വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

