വിവാഹവേളയിൽ പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ച അയ്യായിരം രൂപത്തോളം വിലവരുന്ന ഒരു ചെറിയ സമ്മാനത്തിൽ നിന്നാണ് രേഷ്മ തന്റെ സംരംഭത്തിനുള്ള വഴികണ്ടെത്തിയത്.
വെറുതെയിരിക്കുന്ന സമയം പ്രയോജനപ്പെടുത്തി കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്ത് വരിക്കാനിയിലെ ഈ വീട്ടമ്മ. മുണ്ടക്കാനിയിലെ സ്വന്തം വീട്ടിൽ ‘ദിയാസ് ബേക്കറി’ എന്ന പേരിൽ ഹോംമേയ്ഡ് കേക്ക് നിർമാണ യൂണിറ്റ് വിജയകരമായി നടത്തിവരികയാണ് ഇവർ.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ വെറുതെയിരുന്ന വേളയിലാണ് കൂട്ടുകാരി സമ്മാനിച്ച മൈക്രോവേവ് അവ്നിൽ രേഷ്മ ആദ്യമായി കേക്ക് പരീക്ഷിക്കുന്നത്. ആ ശ്രമം വിജയമായതോടെ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഔദ്യോഗിക പരിശീലനം നേടി.
ബന്ധുക്കൾക്കും അയൽവാസികൾക്കും കേക്കുകൾ ഉണ്ടാക്കി നൽകി തുടങ്ങിയ ഇവർക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾ വലിയൊരു ചുവടുവെപ്പിന് പ്രചോദനമായി. ബികോം ബിരുദധാരിയായ രേഷ്മ വിവാഹത്തിന് മുൻപ് ജോലി ചെയ്തിരുന്നു.
വിവാഹശേഷമാണ് മുണ്ടക്കയത്തേക്ക് താമസം മാറിയത്. ഭർത്താവ് ജിസ് ഇന്റീരിയർ ഡെക്കറേഷൻ ജോലി ചെയ്തു വരുന്നു.
അഞ്ച് വയസ്സുള്ള മകൾ സിയ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. നിർമാണത്തിലും വിൽപനയിലും ഭർത്താവും അമ്മയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 90,000 രൂപ വായ്പയെടുത്താണ് പുതിയ ഗ്യാസ് അവ്നും ഹാൻഡ് ബീറ്റിങ് മെഷീനും വാങ്ങിയത്. പദ്ധതിയുടെ ആനുകൂല്യം വഴി വായ്പത്തുകയുടെ 35 ശതമാനം സബ്സിഡിയും ലഭിച്ചു.
ഒരേസമയം അര കിലോഗ്രാമിന്റെ 12 കേക്കുകളും ഒരു കിലോഗ്രാമിന്റെ 6 കേക്കുകളും ബേക്ക് ചെയ്യാൻ പാകത്തിലുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. സാധാരണ പ്ലം കേക്കുകൾക്ക് പുറമെ ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ചോക്ലേറ്റ്, ക്യാരറ്റ്, വാനില, ചീസ്കേക്കുകൾ എന്നിവയും ഇവിടെ തയാറാക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രത്യേക തീമുകളും ഡിസൈനുകളും നൽകുന്നതിനാൽ യുവജനങ്ങളുടെ ഇടയിലും വലിയ വിപണിയുണ്ട്. മുട്ട
ചേർക്കാത്ത വെജിറ്റേറിയൻ കേക്കുകളും പഞ്ചസാര ചേർക്കാത്ത ഷുഗർ ഫ്രീ കേക്കുകളും ലഭ്യമാക്കുന്നത് വഴി വ്യത്യസ്ത വിഭാഗം ആളുകളെ ആകർഷിക്കാൻ സാധിക്കുന്നുണ്ടെന്ന് രേഷ്മ വ്യക്തമാക്കുന്നു. ഷോപ്പുകളിൽ നിന്നും നേരിട്ടും ഓർഡറുകൾ സ്വീകരിച്ചാണ് നിർമാണം.
550 രൂപ മുതൽ 1,600 രൂപ വരെയാണ് കേക്കുകളുടെ വില. വിവാഹം, ജന്മദിനം, മാമോദീസ തുടങ്ങിയ വിശേഷാവസരങ്ങൾക്കും നേരിട്ട് ഓർഡറുകൾ എത്താറുണ്ട്.
നിലവിൽ മാസം 100 മുതൽ 120 വരെ കേക്കുകൾ വിൽക്കുന്നതിലൂടെ 60,000 മുതൽ 70,000 രൂപ വരെ വിറ്റുവരവും അതിൽ നിന്നും 30,000 മുതൽ 35,000 രൂപ വരെ അറ്റലാഭവും നേടാൻ സാധിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങിയ പിസ്സയ്ക്കും ഇപ്പോൾ ആവശ്യക്കാരുണ്ട്.
സംരംഭം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി പിസ്സ നിർമാണവും സജീവമാക്കാനുള്ള തയാറെടുപ്പിലാണ് രേഷ്മ. വിപണിയിലെ സാധാരണ വിലയേക്കാൾ 25 ശതമാനം കുറവിൽ നൽകിയാലും മികച്ച ലാഭം നേടാനാകുമെന്ന് ഇവർ പറയുന്നു.
വിലാസം: ദിയാസ് ബേക്കേഴ്സ്, വരിക്കാനി, മുണ്ടക്കയം പി.ഒ., കോട്ടയം – 686513.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

