പുരപ്പുറ സോളർ ഉപയോഗം രാജ്യത്ത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി, നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ ആകർഷകമാക്കി വിവിധ സംസ്ഥാനങ്ങൾ രംഗത്ത്. കേന്ദ്ര സർക്കാരിന്റെ സബ്സിഡിക്ക് പുറമേയാണ് വിവിധ സംസ്ഥാനങ്ങൾ അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് കേന്ദ്ര പദ്ധതിപ്രകാരം സബ്സിഡി ലഭിക്കുന്നത്. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപവരെയും, 2 കിലോവാട്ടിന് 60,000 രൂപവരെയും, 3 കിലോവാട്ടിന് പരമാവധി 78,000 രൂപ വരെയുമാണ് സബ്സിഡി ലഭിക്കുക.
കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 58.52 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 17,284.3 മെഗാവാട്ടാണ് ഇതുവഴിയുള്ള മൊത്തം വൈദ്യുതി ഉൽപാദനശേഷി.
ആകെ 32,657.67 കോടി രൂപയാണ് കേന്ദ്രം ഇതുവരെ സബ്സിഡിയായി വിതരണം ചെയ്തിട്ടുള്ളത്. ഡൽഹി, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പിഎം സൂര്യ ഘർ പദ്ധതിയിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്.
ഡൽഹിയിൽ പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന 2.25 ലക്ഷം കുടുംബങ്ങൾക്ക് 3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനൽ സൗജന്യമായി സ്ഥാപിച്ച് നൽകും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്.
ഇതിനായി പ്രത്യേക പോർട്ടലും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പുരപ്പുറ സോളർ സബ്സിഡി വിഹിതം ഇരട്ടിയാക്കിയതോടെ, കേന്ദ്ര വിഹിതമായ 78,000 രൂപയ്ക്ക് പുറമെ ഡൽഹി സർക്കാരും 78,000 രൂപവരെ നൽകും.
ഇതോടെ ഉപയോക്താക്കൾക്ക് ആകെ 1.56 ലക്ഷം രൂപവരെ നേടാനാകും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്കും (ജിഎച്ച്എസ്) ഈ ‘ടോപ് അപ്പ് സബ്സിഡി’ ആനുകൂല്യം ലഭിക്കും.
ഡൽഹിയിൽ നിലവിൽ 18,846 വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ ഉള്ളത്. 57.15 മെഗാവാട്ടാണ്വി ഇവിടെത്തെ സ്ഥാപിതശേഷി.
വിതരണം ചെയ്ത സബ്സിഡി 88.41 കോടി രൂപയാണ്. കേന്ദ്ര വിഹിതത്തിനൊപ്പം അധിക സബ്സിഡി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനമാണ് ബിഹാർ.
ഇവിടെ കേന്ദ്ര വിഹിതത്തോടൊപ്പം സംസ്ഥാനം 20,000 രൂപ കൂടിച്ചേർത്ത് ആകെ സബ്സിഡി 98,000 രൂപയാക്കി മാറ്റി. ബിഹാറിൽ 31,681 വീടുകളിൽ പുരപ്പുറ സോളറുള്ളപ്പോൾ സ്ഥാപിതശേഷി 111.78 മെഗാവാട്ടാണ്.
സബ്സിഡിയായി ലഭിച്ചത് 194.92 കോടി രൂപയാണ്. തമിഴ്നാട്ടിൽ പരമാവധി 22,000 രൂപ സംസ്ഥാന വിഹിതമായി ചേർത്ത് മൊത്തം സബ്സിഡി ഒരുലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ 1.15 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം സോളർ പാനലുള്ളത്. 362.97 മെഗാവാട്ടാണ് ഇവിടത്തെ സ്ഥാപിതശേഷി.
ആകെ നേടിയ സബ്സിഡി 669.33 കോടി രൂപയാണ്. അതേസമയം, രാജ്യത്ത് ഏറ്റവും മുൻനിരയിലും ദക്ഷിണേന്ത്യയിൽ ഒന്നാമതുമായി നിൽക്കുന്ന കേരളത്തിൽ 3.65 ലക്ഷം വീടുകളിലാണ് പദ്ധതിപ്രകാരം പുരപ്പുറ സോളർ സംവിധാനമുള്ളത്.
1383.77 മെഗാവാട്ടാണ് കേരളത്തിലെ സ്ഥാപിത ഉൽപാദനശേഷി. സംസ്ഥാനം ഇതുവരെ നേടിയ സബ്സിഡി 2321.45 കോടി രൂപയാണ്.
തൊട്ടടുത്തുള്ള ആന്ധ്രപ്രദേശിൽ 4.11 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ ഉണ്ടെങ്കിലും സ്ഥാപിതശേഷി 1148.4 മെഗാവാട്ട് മാത്രമാണ്. ആന്ധ്രപ്രദേശിന്റെ സബ്സിഡി നേട്ടം 2160.36 കോടി രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

