പത്തനംതിട്ട ജില്ലയിലെ പ്രമാദമായ മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു.
ബാങ്കിന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിലുണ്ട്. നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർച്ച ചെയ്യപ്പെട്ട
സംഭവത്തിലാണ് 15 വർഷങ്ങൾക്ക് ശേഷം വിധി വന്നിരിക്കുന്നത്. കേസിലെ പ്രതികളായ വിനു (ഒന്നാം പ്രതി), സുരേഷ് (രണ്ടാം പ്രതി), സുധീഷ് (നാലാം പ്രതി), ഗിരീഷ് (അഞ്ചാം പ്രതി) എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവാണ് സിജെഎം കോടതി വിധിച്ചത്.
കേസിൽ മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാം പ്രതിയായ ബിജുവിന് ഒന്നര വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
അതേസമയം, പ്രതികളായ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. കുറ്റകൃത്യം ഏറെ ആസൂത്രണം ചെയ്താണ് പ്രതികൾ നടപ്പിലാക്കിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, ഗൂഢാലോചന കുറ്റം പൂർണ്ണമായും തെളിയിക്കാൻ സാധിച്ചില്ല.
വിചാരണ വേളയിൽ 200-ൽ അധികം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. അവധി ദിവസം തിരഞ്ഞെടുത്ത ശേഷം ബാങ്കിൻ്റെ പിൻഭാഗം തുരന്നാണ് സംഘം അകത്തുകടന്നത്.
മോഷണത്തിനായി പ്രത്യേക വാഹനങ്ങളും ഗ്യാസ് കട്ടറുകളും ഇവർ ഉപയോഗിച്ചിരുന്നു. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി ബാങ്ക് പരിസരത്ത് പൂർണ്ണമായി മുളകുപൊടി വിതറിയിട്ടാണ് പ്രതികൾ കടന്നുകളഞ്ഞത്.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘം ഇതര സംസ്ഥാനങ്ങളിൽ വരെ നടത്തിയ തീവ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

