സംസ്ഥാന സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. മന്ത്രി കെ മുരളിധരനെ കണ്ട് കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിനെ വിവരങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥനാണ്. നിലവിലുണ്ടായത് കേവലം ആശയവിനിമയ പ്രശ്നം മാത്രമാണെന്നും, കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ആശയവിനിമയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തുവെന്നും സന്നിധാനത്ത് അരവണ നിർമ്മാണം വർദ്ധിപ്പിക്കുകയാണെന്നും കെ ജയകുമാർ അറിയിച്ചു.
നിലവിൽ പ്രതിദിനം 2.6 ലക്ഷം കട്ട അരവണയാണ് തയ്യാറാക്കുന്നത്.
ഇത് 3.6 ലക്ഷം അരവണയാക്കി ഉയർത്തും. നട
തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതലായി സംഭരിക്കാനാണ് തീരുമാനം. മണ്ഡലകാലത്ത് ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ലെന്നും പ്രസിഡൻ്റ് ഉറപ്പുനൽകി.
ശർക്കരയ്ക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും.
ഒക്ടോബർ 15 ഓടെ മറ്റ് എല്ലാ കരാറുകളും പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കടകളുടെ ലേലം നടപടികൾ പൂർണ്ണമായും ഓൺലൈൻ ആക്കും.
നിലനിന്നിരുന്ന മാമ്മൂലുകൾ അതേപടി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടന സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ഒന്നര മാസത്തിനുള്ളിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.
ഇതിൻ്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ നടത്തിപ്പ് ചുമതല പൊലീസിനാണ്.
നിലയ്ക്കലിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ച് വാഹനങ്ങളുടെയും ജനങ്ങളുടെയും നീക്കം എഐ വഴി നിരീക്ഷിക്കും. വലിയ നിർമ്മാണ പ്രവൃത്തികളുടെയെല്ലാം ടെൻഡറുകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രധാന പ്രവൃത്തികൾ ഉടൻ ആരംഭിക്കും. എല്ലാ നിർമ്മാണ ജോലികളും ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കും.
പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തുമെന്നും കെ ജയകുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

