മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.
ഈ വിമാനം പറത്തുന്നതിനുള്ള ചുമതല ചിപ്സൺ ഏവിയേഷനാണ്. സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സർക്കാരിനു കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം നൽകിയ ചിപ്സൺ ഏവിയേഷൻ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെ, മുഖ്യമന്ത്രി ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.
മൂന്ന് വർഷത്തെ കരാർ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് നിലവിൽ പരിഗണനയിലുള്ളത്.
ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശം തന്നെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ.
കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികത്തുക നൽകണം. എന്നാൽ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു മുൻപത്തെ വ്യവസ്ഥ.
സർക്കാർ ഉപയോഗിക്കുന്ന ഹെലികോപ്റ്ററിനുള്ള തുക പകുതിയാക്കി കുറയ്ക്കാൻ പറ്റുമോയെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. 25 മണിക്കൂർ പറക്കാൻ പ്രതിമാസം 80 ലക്ഷം രൂപ നൽകുന്നത് നഷ്ടമാണെന്നാണ് വിലയിരുത്തൽ.
പ്രതിമാസം നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. എങ്കിലും ഹെലികോപ്റ്റർ സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് പൊലീസും ദുരന്തനിവാരണ സേനയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉപയോഗത്തെച്ചൊല്ലി മുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് സർക്കാർ ചെലവിൽ സ്വകാര്യയാത്ര നടത്തിയെന്നായിരുന്നു ആരോപണമെങ്കിൽ, ഇപ്പോൾ സ്വകാര്യ ചെലവിൽ സർക്കാർ യാത്ര നടത്തിയെന്ന വ്യത്യാസമാണുള്ളത്.
2017 ഡിസംബറിൽ ഓഖി ദുരന്തം വിലയിരുത്താനുള്ള കേന്ദ്രസംഘത്തെ കാണാൻ സിപിഎം തൃശൂർ ജില്ലാ സമ്മേളനവേദിയിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തിയ ഹെലികോപ്റ്ററിനു ദുരന്തനിവാരണ ഫണ്ടിൽനിന്നു വാടക നൽകാൻ ഉത്തരവിട്ടതാണ് അന്ന് വിവാദമായത്. വിവരം പുറത്തുവന്നു വിമർശനം കനത്തതോടെ മണിക്കൂറുകൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഉത്തരവ് പിൻവലിക്കുകയായിരുന്നു.
അന്നും ചിപ്സൺ ഏവിയേഷനാണ് യാത്ര ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

