നഗോയ: അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച് ജയ് മീണ. ഐചി നഗോയ ഏഷ്യാഡിൽ സോഫ്റ്റ് ടെന്നീസിൽ രാജ്യത്തിനായി ആദ്യമായി മെഡൽ സ്വന്തമാക്കിയാണ് ഇരുപത്തിനാലുകാരനായ ഈ മധ്യപ്രദേശ് സ്വദേശി ചരിത്രത്തിലിടം നേടിയത്.
സെമിഫൈനലിൽ ജപ്പാന്റെ തകുയ കുറോസാകയോട് പരാജയപ്പെട്ടെങ്കിലും രാജ്യത്തിനായി വെങ്കല മെഡൽ ഉറപ്പിക്കാൻ താരത്തിന് സാധിച്ചു. ചെറുപ്പകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുക എന്ന ലക്ഷ്യമായിരുന്നു മീണയ്ക്കുണ്ടായിരുന്നത്.
എന്നാൽ താൻ പഠിച്ചിരുന്ന സ്കൂളിലെ സോഫ്റ്റ് ടെന്നീസ് കോർട്ടിൽ ബോൾ ബോയ് ആയി പ്രവർത്തിക്കേണ്ടി വന്നത് താരത്തിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായി മാറുകയായിരുന്നു. തുടർന്ന് സോഫ്റ്റ് ടെന്നീസ് തന്റെ കരിയറായി തിരഞ്ഞെടുക്കാൻ മീണ തീരുമാനിച്ചു.
പതിനാലാം വയസ്സ് മുതൽ വിവിധ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ താരത്തിന് അവസരം ലഭിച്ചു. 2022-ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ പുരുഷ സിംഗിൾസിൽ സ്വർണ മെഡൽ ജയിച്ച ജയ് മീണ, 2024 ലെ വേൾഡ് സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ വെങ്കലവും സ്വന്തമാക്കി.
സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ നേട്ടമായിരുന്നു ഇത്. തുടർന്ന് 2025-ൽ ദേശീയ ചാമ്പ്യനായി മാറിയ താരം ഏഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടിയിരുന്നു.
നടപ്പ് ഏഷ്യൻ ഗെയിംസിൽ വലിയ ലക്ഷ്യങ്ങളോടെയാണ് താരം കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഡി മത്സരത്തിൽ പാക്കിസ്ഥാന്റെ ഹുസൈൻ അറെയ്നെ 4-0 എന്ന സ്കോറിന് തകർത്ത മീണ, ക്വാർട്ടർ ഫൈനലിൽ ഫിലിപ്പിൻസിന്റെ ഷെർവിൻ നുഗിറ്റിനെ 4-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
സെമിഫൈനലിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം തകൂയ കുറോസാക്കക്കെതിരെ മികച്ച പോരാട്ടമാണ് താരം കാഴ്ചവെച്ചത്. ആദ്യ മൂന്ന് ഗെയിമുകൾ നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവന്ന താരം തുടരെ രണ്ട് ഗെയിമുകൾ പിടിച്ചെടുത്തു.
എന്നാൽ 45 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ അവസാന ഗെയിമിൽ ജയ് മീണ പരാജയം സമ്മതിക്കുകയായിരുന്നു. കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ പരമ്പരാഗതമായി ആധിപത്യം പുലDർCുന്ന കായികയിനമാണ് സോഫ്റ്റ് ടെന്നീസ്.
അത്തരമൊരു വേദിയിൽ ഒരു ഇന്ത്യൻ താരം ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുന്നത് രാജ്യത്തെ കായികരംഗത്തിന് വലിയൊരു ശുഭസൂചനയാണ്. സോഫ്റ്റ് ടെന്നീസ് ഒളിമ്പിക് ഇനമല്ലാത്തതിനാൽ, ഈ ഏഷ്യാഡ് മെഡലിനെ ഒരു ഒളിമ്പിക്സ് മെഡലിന് തുല്യമായാണ് താരം വിശേഷിപ്പിച്ചത്.
നേരത്തെ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2022 ഹാങ്ഷൗ ഏഷ്യൻ ഗെയിംസിലും ജയ് മീണ മത്സരിച്ചിരുന്നെങ്കിലും ഇരുതവണയും ക്വാർട്ടർ ഫൈനലിൽ പുറത്താകാനായിരുന്നു വിധി. എന്നാൽ തന്റെ മൂന്നാം ശ്രമത്തിൽ മെഡൽ കഴുത്തിലണിഞ്ഞ് താരം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

