ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വീഡിയോ ഫീഡ് ക്രമീകരിക്കാൻ സഹായിക്കുന്ന പുതിയ പരീക്ഷണവുമായി പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് രംഗത്ത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പരിമിതമായ ഉപയോക്താക്കളിൽ മാത്രം പരീക്ഷിച്ചു വന്നിരുന്ന സംവിധാനമാണ് ഇപ്പോൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
‘കസ്റ്റം ഫീഡ്സ്’ (Custom Feeds) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ ഔദ്യോഗിക നാമം. യൂട്യൂബ് സംഘടിപ്പിച്ച ‘മേഡ് ഓൺ യൂട്യൂബ്’ (Made On YouTube) ചടങ്ങിനോട് അനുബന്ധിച്ചുള്ള ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
ഉപയോക്താക്കൾ നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകളുടെ അടിസ്ഥാനത്തിൽ പുതിയ ഹോം ഫീഡ് രൂപപ്പെടുത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. തിരച്ചിൽ ബാറിന് താഴെയായി കാണുന്ന ടോപ്പിക് ഫിൽട്ടർ നിരയുടെ തുടക്കത്തിൽ തന്നെ ഇതിനായുള്ള പ്രത്യേക കസ്റ്റം ഫീഡ്സ് ബട്ടൺ ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
ഉപയോക്താക്കളുടെ അന്നത്തെ മാനസികാവസ്ഥയ്ക്കും സമയത്തിനും അനുയോജ്യമായ രീതിയിൽ ഒന്നിലധികം ഫീഡുകൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. അമേരിക്കയിലെ യൂട്യൂബ് ഉപയോക്താക്കൾക്കായിട്ടായിരിക്കും ഈ ഫീച്ചർ ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക.
മൊബൈൽ, വെബ്, സ്മാർട്ട് ടിവി പ്ലാറ്റ്ഫോമുകളിൽ സേവനം വൈകാതെ തന്നെ എത്തും. എന്നാൽ കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതോടൊപ്പം ഷോപ്പിംഗ് അനുഭവങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ‘ആസ്ക് യൂട്യൂബ്’ (Ask YouTube) ഫീച്ചറിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ അവലോകനങ്ങൾ തിരയുമ്പോൾ വിഭാഗങ്ങളും താരതമ്യ പട്ടികകളും മറ്റും കണ്ടെത്താൻ ഇതുവഴി സാധിക്കും.
വീഡിയോ കാണുന്നതിനിടയിൽ തന്നെ ഉൽപ്പന്നത്തെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ ‘ആസ്ക് യൂട്യൂബ്’ വഴി ചോദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യൂട്യൂബ് മ്യൂസിക് പ്ലാറ്റ്ഫോമിലും ഒട്ടനവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കൾക്കായി ആഴ്ചതോറും ലഭ്യമാകുന്ന വ്യക്തിഗത എഐ ഓഡിയോ ഗൈഡ് ആയ ‘യുവർ പോഡ്കാസ്റ്റ് ലൈനപ്പ്’ (Your podcast lineup) ആണ് ഇതിൽ പ്രധാനം. കൂടാതെ ‘ആസ്ക് മ്യൂസിക്’ (Ask Music) ഫീച്ചർ വഴി ക്യൂ കസ്റ്റമൈസ് ചെയ്യാനും കലാകാരന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.
ഈ ഫീച്ചറുകൾ ലോകമെമ്പാടുമുള്ള യൂട്യൂബ് മ്യൂസിക് ഉപയോക്താക്കൾക്കായി വൈകാതെ തന്നെ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

