സംസ്ഥാന പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരാതിയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കേരള പബ്ലിക് സർവീസ് കമ്മിഷൻ.
ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശിച്ച സർക്കാർ ഉത്തരവും തുടർന്ന് റജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കൂടാതെ, കേസ് തീർപ്പാകുന്നത് വരെ ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണ നടപടികൾ തടയണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 315 പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ് പിഎസ്സി.
ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം പിഎസ്സി അംഗങ്ങളെ പുറത്താക്കാനോ നടപടിയെടുക്കാനോ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ. കൂടാതെ, പിഎസ്സി ജീവനക്കാരുടെ നിയമനവും അച്ചടക്ക നടപടികളും കമ്മിഷന്റെ മാത്രം അധികാരപരിധിയിൽ വരുന്നതാണ്.
അതിനാൽ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ (ബി) പ്രകാരം അന്വേഷണാനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അരുൺ ജെ.പ്രതാപിന് 2025 ജൂൺ 23ന് നിയമന ശുപാർശ നൽകിയിരുന്നു.
തുടർന്ന്, അഞ്ചാം റാങ്കുകാരനായ ജയലാൽ വി.എസ്. എന്ന ഉദ്യോഗാർഥി തന്റെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ചില ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്സി നടത്തിയ വിജിലൻസ് അന്വേഷണത്തിൽ ഒൺ സ്ക്രീൻ മാർക്കിങ് രീതിയിൽ മൂല്യനിർണയം നടത്തിയപ്പോൾ പരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെയും പേപ്പർ-1ലെ ഇക്കണോമിക്സ് വിഷയത്തിലെ ചില ചോദ്യങ്ങൾ സാങ്കേതിക പിഴവ് മൂലം മൂല്യനിർണയം നടത്തുന്നവർക്ക് വിഭജിച്ചു നൽകിയിരുന്നില്ലെന്ന് വ്യക്തമായി.
ഇത് ബോധപൂർവം ചെയ്തതല്ലെന്നും ഒരു കംപ്യൂട്ടർ അബദ്ധം മാത്രമാണെന്നും പിഎസ്സി പറയുന്നു. ഈ പിഴവ് പരിഹരിക്കുന്നതിനായി പിഎസ്സി റൂൾസ് ഓഫ് പ്രൊസീജറിലെ റൂൾ 15എ പ്രകാരം തടസപ്പെട്ട
ചോദ്യങ്ങളുടെ മൂല്യനിർണയം വീണ്ടും നടത്താൻ കമ്മിഷൻ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 2026 ഓഗസ്റ്റ് 21െല ഉത്തരവിലൂടെ വിട്ടുപോയ ഉത്തരങ്ങൾ മൂല്യനിർണയം നടത്തി പുതുക്കിയ തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ പിഎസ്സിക്ക് അനുമതി നൽകിയിട്ടുണ്ട്്.
ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗൂഢാലോചനയോ അഴിമതിയോ വ്യക്തമാക്കുന്ന തെളിവുകളോ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളോ ഇല്ല. ബിഎൻഎസ് സെക്ഷൻ 316(5), അഴിമതി നിരോധന നിയമത്തിലെ 7(സി), 13(1)(എ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നും പിഎസ്സി വാദിക്കുന്നു.
കേസെടുത്തതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്സി അംഗങ്ങൾക്കും ജീവനക്കാർക്കും ബിഎൻഎസ്എസ് 179ാം വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന ഇത്തരം നടപടികൾ അടിയന്തരമായി തടയണമെന്നും എഫ്ഐആറും അനുബന്ധ അന്വേഷണ ഉത്തരവും പൂർണമായും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

