തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാരുടെ പരാതി. എറണാകുളം ഭാഗത്തേക്ക് വൈകുന്നേരം 6.45ന്റെ ഇന്റർസിറ്റി എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി 9.30 വരെ മറ്റ് യാത്രാവണ്ടികൾ ലഭ്യമല്ലാത്തത് നൂറുകണക്കിന് ആളുകളെയാണ് ദുരിതത്തിലാക്കുന്നത്.
ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോട് വിദഗ്ധർ ആവശ്യപ്പെടുന്നു. വൈകുന്നേരം അഞ്ചിനും ആറരയ്ക്കുമിടയിൽ പാലരുവി, കോട്ടയം പാസഞ്ചർ, വന്ദേഭാരത്, എറണാകുളം ഇന്റർസിറ്റി എന്നീ സർവീസുകൾ കഴിഞ്ഞാൽ പിന്നീട് രാത്രി 9.30ന് മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് മാത്രമാണ് ആശ്രയം.
ഈ പ്രതിസന്ധിക്ക് പരിഹാരമായി രാത്രി ഏഴരയോടെ പുതിയൊരു ട്രെയിൻ അനുവദിക്കുകയോ നിലവിലുള്ള ഏതെങ്കിലും സർവീസിന്റെ സമയം പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നാണ് ശക്തമായ ആവശ്യം ഉയർന്നിട്ടുള്ളത്. പാലരുവി എക്സ്പ്രസും കോട്ടയം പാസഞ്ചറും തമ്മിൽ വെറും അരമണിക്കൂർ വ്യത്യാതത്തിൽ സർവീസ് നടത്തുന്നതും സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
വൈകുന്നേരം 5.41ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം പാസഞ്ചർ, 6.03ന് വരുന്ന വന്ദേഭാരതിനെ കടത്തിവിടാനായി ഒല്ലൂരോ പുതുക്കാട്ടോ പിടിച്ചിടുന്നത് പതിവാണ്. എന്നാൽ ഈ ട്രെയിൻ ഷൊർണൂരിൽ നിന്ന് വന്ദേഭാരതിനു പിന്നാലെയും ഇന്റർസിറ്റിക്കു മുന്നിലുമായാണ് സർവീസ് നടത്തുന്നതെങ്കിൽ ഈ യാത്രാക്ലേശം ഒഴിവാക്കാനാകും.
നിലവിൽ 4.55നാണ് കോട്ടയം പാസഞ്ചർ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത്. വന്ദേഭാരത് 5.30നും ഇന്റർസിറ്റി 5.55നുമാണ് സമയക്രമീകരിച്ചിരിക്കുന്നത്.
ഇതിനു പകരം നിലമ്പൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് നാലിന് പുറപ്പെട്ട് 5.35ന് ഷൊർണൂരിൽ നിന്ന് യാത്ര തുടരുന്ന രീതി മാറ്റിയാൽ നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, വൈകുന്നേരം 5.35നുള്ള ഷൊർണൂർ പാസഞ്ചറിന്റെ സമയക്രമവും യാത്രക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്.
തെക്കുനിന്ന് വരുന്ന ട്രെയിനുകൾ പതിവായി വൈകിയെത്തുന്നതിനാൽ, കൃത്യസമയത്ത് പുറപ്പെടുന്ന ഷൊർണൂർ പാസഞ്ചർ പലർക്കും കിട്ടാത്ത അവസ്ഥയുണ്ട്. ഈ ട്രെയിനിന്റെ പുറപ്പെടുന്ന സമയം വൈകുന്നേരം ആറുമണിയായി മാറ്റുകയോ പുണെ, കേരള, ഹുബ്ബള്ളി എക്സ്പ്രസുകളുടെ കണക്ഷൻ ട്രെയിനായി ഇത് മാറ്റുകയോ ചെയ്താൽ വലിയൊരു വിഭാഗം യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.
ഇപ്പോൾ 5.35ന് പുറപ്പെട്ട് 6.45ന് എത്തുന്ന ഈ സർവീസ് ആറിന് പുറപ്പെട്ട് ഏഴിന് എത്തുന്ന രീതിയിൽ മാറ്റിയാൽ നിലവിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

