ഗുണനിലവാരം കുറഞ്ഞ സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾ (ടെംപേഡ് ഗ്ലാസ്) നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ വിൽപന നടത്തുന്ന എല്ലാ സ്ക്രീൻ ഗാർഡുകൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി.
ഐടി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന നിലവാരം കുറഞ്ഞ ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക വഴി ആഭ്യന്തര കമ്പനികൾക്ക് കൂടുതൽ വളർച്ചാ സാധ്യതയൊരുക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവാരം കുറഞ്ഞതും അനധികൃതവുമായ വിദേശ നിർമിത സ്ക്രീൻ ഗാർഡുകളുടെ വരവിന് തടയിടാൻ കേന്ദ്രാധികൃത വകുപ്പുകൾ ആലോചിക്കുന്നുണ്ട്. രാജ്യത്തെ സ്മാർട്ട്ഫോൺ അക്സസറി വിപണിയിൽ വൻതോതിലുള്ള മാറ്റങ്ങൾക്ക് ഈ തീരുമാനം വഴിതുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വർഷം തോറും ഏകദേശം 55 കോടി യൂണിറ്റ് സ്ക്രീൻ ഗാർഡുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഇതിൽ വലിയൊരു ശതമാനവും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്.
എന്നാൽ ഇവയുടെ ഗുണനിലവാരക്കുറവിനെക്കുറിച്ച് വ്യാപകമായ പരാതികളും നിലവിലുണ്ട്. സാംസങ്, വിവോ, ഓപ്പോ തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം തന്നെ ഇത്തരം അക്സസറികളുടെ നിർമാണത്തിലേക്ക് കടക്കുന്നില്ല.
ഈ സാഹചര്യത്തിൽ വിലകുറഞ്ഞ വിദേശ ഉൽപന്നങ്ങളെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ബ്രാൻഡുകൾക്ക് വിപണിയിൽ വലിയൊരു വഴിതുറക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ മേഖലയിലുള്ള കമ്പനികൾ അടുത്തിടെ വലിയ തോതിലുള്ള നിക്ഷേപങ്ങളും സമാഹരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

