ഇന്റർനെറ്റ് സേവനങ്ങൾ ആവശ്യമില്ലാത്ത സാധാരണക്കാരായ മൊബൈൽ വരിക്കാർക്കായി കൂടുതൽ താങ്ങാനാവുന്ന റീചാർജ് ഓപ്ഷനുകൾ നിലവിൽ വരുന്നു. ഇതുമായി ബന്ധപ്പെട്ട
പുതിയ ചട്ട ഭേദഗതി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ്.
പുതിയ നിയമങ്ങൾ വരുന്ന ഒക്ടോബർ 22ന് രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഇനി മുതൽ വോയ്സ് കോളും എസ്എംഎസും മാത്രമടങ്ങുന്ന ഹ്രസ്വകാല പ്ലാനുകളും നിർബന്ധമായും ഉപയോക്താക്കൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.
നിലവിൽ 84 ദിവസത്തിലോ ഒരു വർഷത്തിലോ ഉള്ള ദീർഘകാല പ്ലാനുകൾ മാത്രമാണ് ഇത്തരം സേവനങ്ങൾക്കായി കമ്പനികൾ നൽകിവരുന്നത്. ഒറ്റയടിക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിനാൽ ഇന്റർനെറ്റ് ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് വരിക്കാർ ഉയർന്ന നിരക്കിലുള്ള സാധാരണ പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് അതോറിറ്റി കടന്നത്.
പുതിയ ഉത്തരവ് പ്രകാരം, ഇന്റർനെറ്റ് ഡേറ്റ, കോൾ, എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന 30 ദിവസത്തെയോ അതിൽ താഴെയോ കാലാവധിയുള്ള ഒരു പ്ലാൻ വിപണിയിൽ ഇറക്കുമ്പോൾ, അതേ കാലാവധിയുള്ളതും ഇന്റർനെറ്റ് ഒഴിവാക്കിയതുമായ ‘കോൾ, എസ്എംഎസ് ഒൺലി’ പ്ലാനും കമ്പനികൾ അവതരിപ്പിക്കണം. പ്ലാനിൽ നിന്ന് ഇന്റർനെറ്റ് ഡേറ്റ പൂർണ്ണമായി ഒഴിവാക്കുമ്പോൾ, അതിന്റെ ആനുപാതികമായ നിരക്കിളവ് ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ടെലികോം കമ്പനികൾ ഉറപ്പാക്കുകയും വേണം.
ഉദാഹരണത്തിന്, 28 ദിവസത്തെ കാലാവധിയുള്ളതും പ്രതിദിനം 2 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവ അടങ്ങിയതുമായ ഒരു പ്ലാൻ വിപണിയിലുണ്ടെങ്കിൽ, അതേ 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളും 100 എസ്എംഎസും മാത്രമടങ്ങുന്ന കുറഞ്ഞ നിരക്കിലുള്ള മറ്റൊരു പ്ലാൻ കൂടി ടെലികോം കമ്പനികൾ നൽകേണ്ടതാണ്. ഡ്യുവൽ സിം കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ പലർക്കും രണ്ട് നമ്പറുകളിലും ഡേറ്റയുടെ ആവശ്യമില്ല.
കൂടാതെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളും ഇന്റർനെറ്റ് രഹിത സേവനങ്ങളാണ് തേടുന്നത്. ഇത്തരക്കാർക്ക് അനാവശ്യമായി ഉയർന്ന തുക നൽകി ഡേറ്റ അടങ്ങിയ പ്ലാനുകൾ റീചാർജ് ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ ചട്ട
ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് 365 ദിവസം വരെ കാലാവധിയുള്ള വോയ്സ്-എസ്എംഎസ് പ്ലാനുകൾ നൽകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും, ഹ്രസ്വകാല പ്ലാനുകളുടെ ലഭ്യതക്കുറവ് സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു.
ഈ പരാതികൾ ഗൗരവമായി പരിഗണിച്ചാണ് ട്രായ് പുതിയ നിർദ്ദേശങ്ങൾ കർശനമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

