തിരുവനന്തപുരം നഗരസഭയുടെ നേമം സോണൽ ഓഫിസിൽ കെട്ടിട സർട്ടിഫിക്കറ്റും റഗുലറൈസേഷൻ രസീതും വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപേക്ഷകൻ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യാജ രേഖ തയാറാക്കിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കോർപറേഷനിൽ ഇടനിലക്കാരുടെ ഇടപെടൽ ഇല്ലെന്ന് ഭരണസമിതി ആവർത്തിച്ചു വ്യക്തമാക്കി വരുന്നതിനിടയിലാണ് നഗരസഭയെ പ്രതിരോധത്തിലാക്കിയ ഈ ഗുരുതര സംഭവം പുറത്തുവന്നിരിക്കുന്നത്. കെട്ടിടം ക്രമവൽക്കരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉടമയിൽനിന്ന് പണം വാങ്ങിയത് കസ്റ്റഡിയിൽ ഉള്ളയാളാണെന്നാണ് വിവരം.
ഈ കാര്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ് രേഖകൾ വ്യാജമായി തയാറാക്കിയത്. എന്നാൽ, കെട്ടിട
നികുതി അടയ്ക്കാമെന്ന് വാഗ്ദാനം നൽകി വലിയവിള സ്വദേശിയായ അപേക്ഷകയിൽനിന്ന് പതിനായിരം രൂപ തട്ടിച്ചയാൾയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്യാംപിൽ വച്ചാണ് അപേക്ഷകയ്ക്ക് പണം നഷ്ടപ്പെട്ടത്.
ഇ പോസ് യന്ത്രം കേടാണെന്നും പണം നേരിട്ട് അടച്ച ശേഷം രസീത് നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈപ്പറ്റിയത്. തുടർന്ന് രണ്ടു ദിവസത്തിനു ശേഷം വ്യാജ രസീത് അപേക്ഷകയ്ക്ക് നൽകുകയും ചെയ്തു.
പിന്നീട് ഈ രസീതുമായി അർധ വർഷത്തെ നികുതി അടയ്ക്കാൻ നേമം സോണൽ ഓഫിസിൽ എത്തിയപ്പോൾ അക്കൗണ്ട്സ് സെക്ഷനിലെ സൂപ്രണ്ടിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ കേരള മിഷൻ അധികൃതർ ഇന്നലെ കോർപറേഷനിൽ നേരിട്ടെത്തി പരിശോധന നടത്തി. പണം തട്ടിയ ദിവസം നടത്തിയ നികുതി പിരിവ് ക്യാംപിൽ ഇ പോസ് യന്ത്രം കേടായിരുന്നില്ലെന്ന് അധികൃതർ ഇതിലൂടെ സ്ഥിരീകരിച്ചു.
മാത്രമല്ല, ഈ ദിവസം 35,000 രൂപ ഇ പോസ് യന്ത്രം വഴി മാത്രം സ്വീകരിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ക്യാംപിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അപേക്ഷക നേരിട്ട് തിരിച്ചറിഞ്ഞിട്ടില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇന്ന് സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
കെട്ടിട നമ്പർ സംബന്ധിച്ച ദുരൂഹത നേമം സോണൽ ഓഫിസിൽ സമർപ്പിച്ച വ്യാജ കെട്ടിട
സർട്ടിഫിക്കറ്റിലും റഗുലറൈസേഷൻ രസീതിലും ഉപയോഗിച്ചിരിക്കുന്ന കെട്ടിട നമ്പർ 2024ൽ നൽകിയതാണെന്ന് റവന്യു ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊന്നുമംഗലം വാർഡിൽ ഉൾപ്പെടുന്ന പഴയ കാരയ്ക്കാമണ്ഡപത്ത് കെട്ടിടം നിർമിച്ചതിൽ ചട്ടലംഘനമുണ്ടെന്നും ഇതിലൂടെ സ്ഥിരീകരിച്ചു. കെട്ടിട
നിർമാണത്തിൽ ആവശ്യത്തിന് സെറ്റ് ബാക്ക് വിട്ടിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ക്രമക്കേട് പരിഹരിച്ച് കെട്ടിടം ക്രമവൽക്കരിക്കാനാണ് ഉടമ ഇടനിലക്കാരനെ സമീപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

