ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ വ്യാപകമായി ആളുകളെ കൊന്നൊടുക്കിയ കുപ്രസിദ്ധനായ സീരിയൽ കില്ലർ ഹോർലാൻ ലോപ്പസ് ഡസിൽവ (33) പൊലീസിന്റെ പിടിയിലായി. സാവോ പോളോയിലാണ് സംഭവം.
പെൺവേഷം ധരിച്ച് കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ, ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസത്തെ രഹസ്യ ദൗത്യത്തിനൊടുവിലാണ് പിടികൂടിയത്. മേഖലയിൽ പലപ്പോഴായി 16 ആളുകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
മെലിഞ്ഞ ശരീരപ്രകൃതിയായതിനാൽ നാട്ടുകാർ ഇയാളെ കളിയാക്കി ‘കൊതുക്’ എന്നാണ് വിളിച്ചിരുന്നത്. കൂടുതൽ സമയവും കാട്ടിൽ കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല.
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കൊലപാതകങ്ങൾക്കു ശേഷം സ്ഥലം വിട്ട
ഡസിൽവ വർഷങ്ങളോളം യാതൊരു സംശയവുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒരു 18 വയസ്സുകാരനെ നിരത്തിൽ വെടിവച്ചു കൊന്നതോടെയാണ് ഇയാളാണ് സീരിയൽ കില്ലറെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
താൻ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലായതോടെ ഒരു കുഞ്ഞിനെ തട്ടിയെടുത്തു കയ്യിൽവച്ച് ആൾമാറാട്ടത്തിന് ഇയാൾ ശ്രമിക്കുകയായിരുന്നു. നഖങ്ങളിൽ ചായം പൂശിയും, വയ്പുമുടിയും വെള്ള വരകളുള്ള കറുത്ത വസ്ത്രവും ധരിച്ച് പെൺവേഷത്തിൽ കാട്ടിൽ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
താൻ കുറ്റവാളികളെ മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നാണ് ഇയാൾ അവകാശപ്പെടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ഇതുവരെ ശേഖരിച്ച തെളിവുകൾ ഇയാളുടെ വാദം തെറ്റാണെന്ന് കാണിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
താൻ തന്റെ 13 ാം വയസിലാണ് ആദ്യ കൊലപാതകം ചെയ്തതെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പ്രോസിക്യൂഷന് അതിന്റെ ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ സഹായിക്കുന്നതിനായി, ഇരകളുടെ വിവരങ്ങളും അവരുടെ മരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

