ഗുജറാത്തിലെ സൂറത്ത് വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക നിഗമനത്തിൽ വെറുമൊരു അപകടമെന്ന് കരുതിയ സംഭവം 10000 രൂപ നല്കാതിരുന്നതിന്റെ പ്രതികാരമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിൽ നടന്ന ഈ ദുരന്തത്തിൽ 14 കടകളിലേക്ക് തീ പടരുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ പൂർണ്ണമായി കത്തിച്ചാമ്പലാവുകയും ചെയ്തു. സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്റ് വിനോദ് പണ്ഡിറ്റ് സാവ്ലെയാണ് ഈ നാശനഷ്ടങ്ങൾക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ മാസം വരെ ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. എന്നാൽ അക്കൗണ്ടിങ് ജോലികൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.
തുടർന്ന് വിനോദിന്റെ ശമ്പളത്തിന്റെ ബാക്കിയായ 10000 രൂപ കടയുടമ നല്കാതിരുന്നതും പണം ചോദിച്ചപ്പോൾ അപമാനിച്ചതുമാണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയാളെ നയിച്ചത്. സംഭവദിവസം 150 രൂപയുടെ പെട്രോളുമായി വസ്ത്രവ്യാപാര കേന്ദ്രത്തിലെത്തിയ പ്രതി, രാത്രി 9 മണിയോടെ അഞ്ചാം നിലയിലെ സ്റ്റെയർകേസിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു.
തുടർന്ന് മാർക്കറ്റിൽ ആളൊഴിഞ്ഞ സമയത്ത് ലക്ഷ്യമിട്ട കടയിലേക്ക് നീങ്ങി.
സിസിടിവി ദൃശ്യങ്ങളിൽ മുഖം മറച്ചെത്തിയ പ്രതി കടയ്ക്ക് പുറത്തുണ്ടായിരുന്ന തുണിപ്പെട്ടികളിലും കെട്ടുകളിലും പെട്രോൾ ഒഴിച്ച് തീയിടുന്നത് വ്യക്തമാണ്. തുണിത്തരങ്ങളും പാക്കിങ് സാമഗ്രികളും ധാരാളമുണ്ടായിരുന്നതിനാൽ തീ അതിവേഗം പടരുകയും സമീപത്തെ നിരവധി കടകളെ വിഴുങ്ങുകയും ചെയ്തു.
അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. പൊലീസിന്റെ ‘വിശ്വാസ് പ്രോജക്റ്റ് ഫേസ്-2’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
ദിന്തോളിയിലെ ബിലിപത്ര റെസിഡൻസിയിൽ താമസിക്കുന്ന വിനോദ് പണ്ഡിറ്റ് സാവ്ലെ കൃത്യത്തിനു ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം സൂറത്ത് വിടുകയായിരുന്നു. രാജസ്ഥാനിലേക്കും അയോധ്യയിലേക്കും കടന്നുകളഞ്ഞ ഇയാൾ ദിവസങ്ങൾക്ക് ശേഷം സൂറത്തിലേക്ക് തിരിച്ചെത്തിയ ഉടൻ തന്നെ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

