പ്രമുഖ സോഫ്റ്റ്വെയർ ദാതാക്കളായ അഡോബിയുടെ പ്രശസ്തമായ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകും. ഫുൾ ഫ്ലെഡ്ജ്ഡ് വീഡിയോ എഡിറ്റിംഗ് സൗകര്യങ്ങളോടെയുള്ള **അഡോബി പ്രീമിയർ** ആപ്പ് ഔദ്യോഗികമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇൻസ്റ്റാഗ്രാം റീൽസ്, ടിക്ടോക് വീഡിയോകൾ, വ്ലോഗുകൾ, വീഡിയോ പോഡ്കാസ്റ്റ് ക്ലിപ്പുകൾ എന്നിവ നിർമ്മിക്കുന്നവർക്കായാണ് ഈ പുതിയ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഒഎസ് പ്ലാറ്റ്ഫോമിൽ ഈ ആപ്പ് അവതരിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ ആൻഡ്രോയിഡിലേക്കും എത്തുന്നത്.
വിവിധങ്ങളായ നൂതന ടൂളുകളാണ് മൊബൈൽ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിയേറ്റർമാർക്കായി പ്രത്യേകമായി തയ്യാറാക്കിയ ടെംപ്ലേറ്റുകൾ, 4K റെസല്യൂഷൻ വരെ എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനുമുള്ള സൗകര്യം, വിവിധ ഇഫക്റ്റുകൾ, ട്രാൻസിഷനുകൾ, അഡോബി സ്റ്റോക്കിൽ നിന്നുള്ള മ്യൂസിക് അസറ്റുകൾ എന്നിവ ഇതിൽ ലഭ്യമാണ്.
കൂടാതെ, മൾട്ടി-ട്രാക്ക് ടൈംലൈനിൽ വീഡിയോകളും വോയ്സ് ഓവറുകളും ലെയർ ചെയ്യാനും സ്റ്റുഡിയോ നിലവാരത്തിലുള്ള ശബ്ദം നൽകുന്ന ‘എൻഹാൻസ് ഓഡിയോ’ ഫീച്ചറും ആപ്പിലുണ്ട്. ജനറേറ്റീവ് ഫിൽ, ഇമേജ്-ടു-വീഡിയോ, ജനറേറ്റീവ് സൗണ്ട് എഫക്റ്റ് തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
അഡോബി ഫോണ്ട്സ്, മെച്ചപ്പെടുത്തിയ ക്യാപ്ഷനുകൾ, കീഫ്രെയിമുകൾ എന്നിവ ഭാവിയിൽ ഉൾപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഈ ആപ്പ് ഇതിനോടകം തന്നെ 50,000-ത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടുകഴിഞ്ഞു.
ആൻഡ്രോയിഡ് 13 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്നതും കുറഞ്ഞത് 5 ജിബി റാം ഉള്ളതുമായ ഡിവൈസുകളിലാണ് ആപ്പ് പ്രവർത്തിക്കുക. ലോഗിൻ ചെയ്യുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യാതെ പൂർണ്ണമായും സൗജന്യമായി ആപ്പ് ഉപയോഗിക്കാം.
എഡിറ്റ് ചെയ്യുന്ന വീഡിയോകളിൽ വാട്ടർമാർക്കുകളും ഉണ്ടാകില്ല. എഐ ഫീച്ചറുകൾക്കും ക്ലൗഡ് സ്റ്റോറേജിനും മാത്രമാണ് തുക ഈടാക്കുന്നത്.
2019 മുതൽ 2025 വരെ ആൻഡ്രോയിഡിൽ ഉണ്ടായിരുന്ന പ്രീമിയർ റഷ് സിസി (Premiere Rush CC) ആപ്പിന് പകരമായാണ് പുതിയ പതിപ്പ് എത്തുന്നത്. പുതിയ ആപ്പിന്റെ വരവോടെ വിപണിയിലെ മറ്റ് എഡിറ്റിംഗ് ആപ്പുകളുമായുള്ള മത്സരം കൂടുതൽ കടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

