കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ പത്തുകാണിയിലും പരിസരത്തുമുള്ള ആദിവാസി മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം ഭീതി പരത്തുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത് മലയോര കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
ഇന്നലെ പുലർച്ചെയോടെ കല്ലറവയൽ ആദിവാസി മേഖലയിൽ കടന്ന കാട്ടാനക്കൂട്ടം കമുക്, തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശവാസിയായ കൃഷ്ണൻകാണിയുടെ കൃഷിയിടത്തിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിനുപുറമെ, കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും പൂർണ്ണമായി നശിപ്പിച്ചതായി നാട്ടുകാർ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി പ്രദേശത്ത് ഇത്തരം ആക്രമണങ്ങൾ പതിവായതോടെ ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുകയാണ്.
മുൻപ് കാഞ്ഞിരംപാറ സ്വദേശിയായ രാജേഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം പ്രദേശവാസികളിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
കൃഷിയിടത്തിൽ കാട്ടാനയെത്തിയപ്പോൾ അവയെ വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ, സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകാൻ ശ്രമിക്കവേയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. തുടർച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വനമേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കാട്ടാനകളുടെ വരവ് തടയാൻ സോളാർ വേലികൾ സ്ഥാപിക്കുന്നതടക്കമുള്ള ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

