പഴയ ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവണ്ണൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനുള്ള ഒരാഴ്ച നീളുന്ന ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു. രാത്രി 10 മണിയോടെ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടഞ്ഞു.
ഗർഡറുകൾ ഘടിപ്പിക്കുന്നതിനുള്ള ഗാൻട്രി ക്രെയിൻ സഞ്ചരിക്കുന്ന റെയിലിന്റെ നിർമാണ ജോലികൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് പാലത്തിന്റെ തൂണുകളിലേക്ക് ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കും.
കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നും ചെറുവണ്ണൂരിലേക്ക് എത്തുന്ന വാഹനങ്ങൾക്കായി വിവിധ പ്രധാന കേന്ദ്രങ്ങളിൽ നിന്നും യാത്രാമാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാമനാട്ടുകര ബൈപാസ് ജംക്ഷൻ, നിസരി ജംക്ഷൻ, ഫറോക്ക് ചുങ്കം, മോഡേൺ ബസാർ, അരീക്കാട്, പന്തീരാങ്കാവ്, ഒളവണ്ണ, ബിസി റോഡ് ജംക്ഷൻ എന്നിവിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വരുന്ന 26ന് രാത്രി വരെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നും വരുന്ന മുഴുവൻ വാഹനങ്ങളും രാമനാട്ടുകരയിൽ നിന്നും തൊണ്ടയാട് ദേശീയപാത വഴി തിരിച്ചുവിടുന്നുണ്ട്.
കടലുണ്ടി, ചാലിയം, ഫറോക്ക് ഭാഗങ്ങളിൽ നിന്നും നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ ഫറോക്ക് ചുങ്കം, ഫാറൂഖ് കോളജ്, അഴിഞ്ഞിലം, പന്തീരാങ്കാവ് ദേശീയപാത വഴിയാണ് പോകേണ്ടത്.
കോഴിക്കോട് സിറ്റിയിൽ നിന്നും ഫറോക്ക്, രാമനാട്ടുകര ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ മാങ്കാവ്, മാത്തറ, പന്തീരാങ്കാവ് ദേശീയപാത വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയിൽ സമ്പൂർണ ഗതാഗത നിരോധനം നടപ്പിലാക്കുന്നത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യം മുൻകൂട്ടി കണ്ട് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ മേഖലയിൽ കർശനമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദീർഘദൂര യാത്രക്കാർ പരമാവധി ദേശീയപാത 66 ഉപയോഗപ്പെടുത്തണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്നും ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കാട്, ഒളവണ്ണ, പന്തീരാങ്കാവ് വഴി കടന്നുപോകണം.
പാളയം, ബീച്ച്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നിന്നും ഫറോക്ക് ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ മാങ്കാവ്, മാത്തറ, പന്തീരാങ്കാവ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവഴിച്ചാണ് ചെറുവണ്ണൂരിൽ പുതിയ മേൽപാലം യാഥാർത്ഥ്യമാക്കുന്നത്.
700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളാണുണ്ടാവുക. ഒരു സ്പാനിൽ 6 ഗർഡറുകൾ വീതം ആകെ 84 ഗർഡറുകളാണ് ഈ പദ്ധതിയിലുള്ളത്.
ഇതിൽ 42 ഗർഡറുകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. മേൽപാലത്തിന്റെ ഉയരം കൂടിയ ഭാഗമായ ചെറുവണ്ണൂർ ജംക്ഷൻ ഉൾപ്പെടെയുള്ള 4 സ്പാനുകളിലെ 24 ഗർഡറുകളാണ് നിലവിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ശേഷിക്കുന്ന 18 ഗർഡറുകൾ ഒരുമാസത്തിനു ശേഷമായിരിക്കും ഘടിപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

