വാഷിംഗ്ടൺ: സൗദി അറേബ്യയിൽ ഹൂതികളുടെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശവുമായി അമേരിക്ക രംഗത്തെത്തി. സൗദിയിലുള്ള യു.എസ് സർക്കാർ ഉദ്യോഗസ്ഥർ തായിഫ്, യാൻബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകൾ നടത്തുന്നതിന് ഇനി മുതൽ മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ പൂർണ്ണമായും വിലയിരുത്തിയാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദിയിലെ യുഎസ് മിഷൻ ഔദ്യോഗിക സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു. രാജ്യത്ത് തുടരുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ വിഭാഗം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും യു.എസ് മിഷൻ ഓർമ്മിപ്പിച്ചു.
അതേസമയം, അമേരിക്കൻ പൗരന്മാർക്കുള്ള സാധാരണ കോൺസുലാർ സേവനങ്ങളും അടിയന്തര സേവനങ്ങളും യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ കഴിയുന്ന അമേരിക്കക്കാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്.
പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും നിരന്തരം നിരീക്ഷിക്കുക, മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ് ചെയ്ത് സൂക്ഷിക്കുക, സൗദി ഭരണകൂടത്തിന്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമായും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള വ്യോമാക്രമണ ഭീഷണി ഉണ്ടായാൽ കെട്ടിടങ്ങളുടെ ജനലുകൾക്കും ചില്ലുവാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും അനാവശ്യമായി വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നിലവിൽ സൗദി അറേബ്യയിലേക്കുള്ള യാത്രകൾ നടത്തുന്നവർ അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലെവൽ 3’ ജാഗ്രതാ നിർദേശമാണ് അമേരിക്ക നിലനിർത്തിയിട്ടുള്ളത്. ഇറാൻ പിന്തുണയോടെ നടക്കുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ, സായുധ സംഘർഷങ്ങൾ, തീവ്രവാദ ഭീഷണികൾ എന്നിവ മുൻനിർത്തിയാണ് ഈ ജാഗ്രതാ നിർദേശം.
യെമൻ അതിർത്തി പ്രദേശം, ജിസാൻ, അസീർ, നജ്റാൻ, ഖത്തീഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങൾ നിലവിലുണ്ട്. യെമനിലെ ഹൂതി വിമതർ സൗദി അറേബ്യ ലക്ഷ്യമാക്കി സമീപകാലത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തലസ്ഥാനമായ റിയാദിന് നേരെ തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തകർത്തിരുന്നു. ഇതിനുപുറമേ ബിഷ്, തായിഫ്, ഫറസാൻ, യാൻബു തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയും ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലുടനീളം അതീവ ജാഗ്രതയും സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ശനിയാഴ്ച സൗദി അധികൃതർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് റിയാദ് വിമാനത്താവളത്തിന് സമീപം വലിയ സ്ഫോടന ശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തെങ്കിലും ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

