ലക്നൗവിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി, റെയിൽവേ ടിക്കറ്റ് പരിശോധകനെ (ടിടിഇ) വ്യാജ കേസിൽ കുടുക്കുന്നതിനായി സ്വന്തം വസ്ത്രം കീറി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. എന്നാൽ എതിർ സീറ്റിലിരുന്ന സഹയാത്രികൻ മൊബൈൽ ഫോണിൽ പകർത്താൻ സാധിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവതിയുടെ കള്ളത്തരം പൂർണ്ണമായും വെളിച്ചത്തായി.
സെപ്റ്റംബർ 17ന് ധനാപൂരിൽ നിന്നും സെക്കന്തരാബാദിലേക്ക് പുറപ്പെട്ട ധനാപുർ-സെക്കന്തരാബാദ് എക്സ്പ്രസിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്.
ധനാപുരിൽ നിന്ന് പ്രയാഗ്രാജിലേക്ക് ഒരു പെൺകുട്ടിക്കൊപ്പമാണ് രാധിക തിവാരി എന്ന യുവതി യാത്ര ചെയ്തത്. ധനാപുർ സ്റ്റേഷൻ പിന്നിട്ടയുടൻ സെക്കൻഡ് എസി കോച്ചിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തി.
യുവതിയുടെ കൈവശം ടിക്കറ്റ് ഇല്ലെന്ന് വ്യക്തമായതോടെ കോച്ചിൽ നിന്ന് താഴെയിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അനുസരിക്കാതെ ഇവർ തൊട്ടടുത്ത തേർഡ് എസി കോച്ചിലേക്ക് മാറി ഇരുന്നു.
പിന്നീട് ടിക്കറ്റ് പരിശോധകർ തേർഡ് എസി കോച്ചിലെത്തി ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവതി അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. റെയിൽവേ ജീവനക്കാരനായ തന്റെ സഹോദരനെ വിളിച്ചുവരുത്തുമെന്ന് അവകാശപ്പെട്ട
ഇവർ, റെയിൽവേ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് ടിടിഇയെ കുടുക്കുമെന്ന് ഭീഷണി മുഴക്കി. ഇതിനുശേഷമാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി അസഭ്യവർഷം നടത്തുന്നതിനിടയിൽ ഇവർ സ്വന്തം വസ്ത്രം സ്വയം കീറിയത്.
യുവതിയുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർധിച്ചതോടെ ടിടിഇ ഉടൻ തന്നെ റെയിൽവേ കൺട്രോൾ റൂമിൽ വിവരങ്ങൾ കൈമാറി. തുടർന്ന് വൈകിട്ട് നാല് മണിയോടെ ട്രെയിൻ ഉത്തർപ്രദേശിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംക്ഷനിൽ എത്തിയപ്പോൾ ആർപിഎഫിലെ വനിതാ ഉദ്യോഗസ്ഥർ കോച്ചിലെത്തി യുവതിയെ പുറത്തിറക്കി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.
ഈ നിർണായക ഘട്ടത്തിലാണ് ട്രെയിനിലെ സഹയാത്രികൻ താൻ രഹസ്യമായി റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ റെയിൽവേ അധികൃതർക്ക് മുന്നിൽ ഹാടരാക്കിയത്. യുവതി സ്വന്തം വസ്ത്രം വലിച്ച് കീറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ ആ ദൃശ്യങ്ങളിൽ വളരെ വ്യക്തമായിരുന്നു.
വീഡിയോ തെളിവുകൾ പുറത്തുവന്നതോടെ ജീവനക്കാർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ വാദങ്ങൾ പൂർണ്ണമായി തകർന്നു. തുടർന്ന് നിയമപ്രകാരമുള്ള പിഴയും യാത്രാ ടിക്കറ്റ് തുകയും ഈടാക്കിയ ശേഷം റെയിൽവേ അധികൃതർ യുവതിയെ അവിടെനിന്നും പോകാൻ അനുവദിക്കുകയായിരുന്നു.
യാത്രക്കാരൻ വീഡിയോ ഒപ്പിയെടുത്ത വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും ആ ദൃശ്യങ്ങളാണ് തന്നെ വലിയൊരു വ്യാജ ആരോപണത്തിൽ നിന്നും അതിൽ നിന്നുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷിച്ചതെന്നും ടിടിഇ എസ്.കെ. വർമ വ്യക്തമാക്കി.
റെയിൽവേയുടെ നിലവിലുള്ള നിയമപ്രകാരം മാത്രമാണ് തങ്ങളും ജീവനക്കാരും പ്രവർത്തിച്ചതെന്നും യുവതിക്കെതിരെ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ ഡിവിഷൻ പിആർഒ വിശ്വനാഥ് സ്ഥിരീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

