പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മേഖലയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ചു വന്ന സംഘം പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തിവരുന്നവരാണ് ഈ പ്രതികൾ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം നടത്താൻ തീരുമാനിച്ചത്.
ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് മോഷ്ടിക്കുന്ന ഗ്രാനൈറ്റുകൾ പിന്നീട് മറ്റൊരു പള്ളിയിലെ മരണാനന്തര ചടങ്ങുകൾക്കായി നൽകുന്നതായിരുന്നു ഇവരുടെ തന്ത്രപരമായ രീതി. മല്ലപ്പള്ളി ഭാഗത്തുള്ള മൂന്ന് വ്യത്യസ്ത പള്ളികളിലാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുള്ളത്.
ഗ്രാനൈറ്റ് പണികളെക്കുറിച്ച് കൃത്യമായ ധാരണയും പരിചയവുമുള്ളവരാണ് ഈ കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ സംശയിച്ചിരുന്നു. കട്ടി കുറഞ്ഞ ഗ്രാനൈറ്റ് പാളികൾ യാതൊരു കേടുപാടുകളും കൂടാതെ അഴിച്ചെടുത്ത് മോഷ്ടിച്ചതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്.
കൂടാതെ, ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ മാറ്റാൻ സാധിക്കില്ല എന്നതിനാൽ ഇതിനുപിന്നിൽ ശക്തമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പിച്ചിരുന്നു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരങ്ങളിലൂടെ സംഭവദിവസങ്ങളിൽ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചും, കൂടാതെ കല്ലറ നിർമാണ കരാറുകാരെ കേന്ദ്രീകരിച്ചും നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

